ലോക്ഡൌണ്‍ കാലത്ത് മറ്റ് പല സാധ്യതകളും അടഞ്ഞതോടെ ക്രിമിനല്‍ സംഘങ്ങള്‍ കൂട്ടത്തോടെ മയക്ക് മരുന്ന് വ്യാപാരത്തിലേക്ക് നീങ്ങിയെന്നാണ് പോലീസ് കണ്ടെത്തല്‍. ചെറിയ മുതല്‍ മുടക്കില്‍ വന്‍ ലാഭമുണ്ടാക്കാന്‍ കഴിയും. ഇതാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. ഇത്തരത്തില്‍ പുതുതായി നിരവധി സംഘങ്ങള്‍ സംസ്ഥാനത്തേക്ക് കഞ്ചാവ് അടക്കമുള്ളവ എത്തിയ്ക്കാന്‍ തുടങ്ങിയെന്നാണ് പോലീസ് പറയുന്നത്.
ആന്ധ്രാപ്രദേശിലെ വിജവാഡ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് കിലോയ്ക്ക് 3000 മുതല്‍ 6000 വരെ രൂപയ്ക്ക് കഞ്ചാവ് വാങ്ങും. തുടര്‍ന്ന് സംസ്ഥാനത്തേക്ക് എത്തിക്കും. പിന്നീട് പ്രാദേശികമായി വിറ്റഴിക്കുമ്പോള്‍ ഇതിന് കിലോയ്ക്ക് 50000 രൂപ വരെ ലഭിക്കും. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് ബീച്ച് ഭാഗത്ത് ഒരു കാറില്‍ കടത്തവേ പോലീസ് പിടിച്ചെടുത്തത് അമ്പത്തിരണ്ടര കിലോ കഞ്ചാവാണ്. 2 കിലോ വീതമുള്ള പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. പ്രാദേശികമായി വിറ്റഴിക്കപ്പെടുമ്പോള്‍ ഇത്രയും കഞ്ചാവിന് 26 ലക്ഷം രൂപ വരെ കിട്ടുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സുജിത്ത് ദാസ് പറഞ്ഞു. കൊടുവള്ളി സ്വദേശി നിഷാദുദ്ദീന്‍, താനൂര്‍ സ്വദേശി എസ് സുബീര്‍ എന്നിവരെയാണ് അറസ്റ്റിലായത്.
മൂവായിരം രൂപയ്ക്ക് കിട്ടുന്ന കഞ്ചാവ് വിറ്റഴിക്കുന്നത് അമ്പതിനായിരം രൂപയ്ക്ക് വരെ
പുലര്‍ച്ചെ ഒരു മണിയോടെ പതിവ് പെട്രോളിങിനിടെയാണ് സൌത്ത് ബീച്ച് ഭാഗത്ത് സിഫ്റ്റ് കാര്‍ പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടത്. പോലീസ് സംഘമെത്തിയപ്പോഴേക്കും ഒരാള്‍ ഓടി. ഇതോടെ പോലീസ് വാഹനം പരിശോധിക്കുകയും കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. നിലവില്‍ പിടിയിലായ ചെറുപ്പകാര്‍ക്ക് പുറമേ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം.
ലോക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കഞ്ചാവ് കടത്ത് കൂടിയെന്നാണ് പോലീസ് പറയുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന സമയത്തും ഇത്തരം സംഘങ്ങള്‍ വിവിധ മാര്‍ഗങ്ങളിലൂടെ കഞ്ചാവ് എത്തിച്ചിരുന്നുവെന്ന വിവരം പോലീസിനെയും ഞെട്ടിച്ചു.
പ്രാദേശികമായി വിറ്റഴിക്കുന്ന സംഘങ്ങള്‍ ഇക്കാലത്ത് ആവശ്യക്കാരില്‍ നിന്നും വന്‍ വില ഈടാക്കിയിരുന്നു. ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് വില്‍പന തകൃതിയായി നടത്തുന്നത്. ലോക്ഡൌണ്‍ സമയത്ത് പതിവ് സംഘങ്ങളെ പോലീസും എക്സൈസും കൂടുതല്‍ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ പുതിയ സംഘങ്ങള്‍ കൂടി എത്തിയതോടെ മയക്ക് മരുന്ന് യഥേഷ്ടം കിട്ടുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. ഇതോടെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് പോലീസ് തീരുമാനം