തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ദ്രുത പരിശോധന തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ വേണ്ടിയാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. ലക്ഷണങ്ങളില്ലാത്ത രോഗവാഹകരെ തിരിച്ചറിയാനാണ് ടെസ്റ്റ് നടത്തുന്നത്. എച്ച്.എല്‍.എല്‍ കമ്പനിയുടെ കിറ്റുകളാണ് ആന്റിബോഡി പരിശോധനകള്‍ക്ക് ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ 10000 കിറ്റുകള്‍ വീതം തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ എത്തിച്ചു. മറ്റുജില്ലകളില്‍ 5000 കിറ്റുകള്‍ വീതം എത്തിച്ചു.
രക്തം എടുത്ത് പ്ലാസ്മ വേര്‍തിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എം.എല്‍ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. സെന്റിനന്റല്‍ സര്‍വലൈന്‍സിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. സമൂഹ വ്യാപനം ഉണ്ടായോ എന്നറിയാന്‍ ഉള്ള പരിശോധനക്ക് എച്ച്.എല്‍.എലിന്റെ കിറ്റുകളാണ് ഉപയോഗിക്കുന്നത്.
പബ്ലിക് ഹെല്‍ത്ത് ലാബിലും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി ശേഷമാണ് കിറ്റ് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. പൂനെ വൈറോളജി ലാബിന്റെ അംഗീകാരവും ഈ കിറ്റുകള്‍ക്ക് ഉണ്ട്.