ന്യൂഡല്‍ഹി: (www.mediavisionnews.in) കൊറോണവൈറസ് മഹാമാരി രാജ്യത്ത് വ്യാപിച്ചതിന് ശേഷം ആദ്യമായി രോഗം ബാധിച്ച് ചികിത്സയിലുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ രോഗമുക്തരായി. ദിനം പ്രതി പതിനായിരത്തോളം പേര്‍ക്ക് പുതുതായി രോഗം ബാധിച്ചുക്കൊണ്ടിരിക്കുന്നതിനിടയില്‍ താത്കാലിക ആശ്വാസംപകരുന്നതാണ് കണക്കുകള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9985 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതടക്കം 276583 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 135206 പേര്‍ക്കാണ് ഇതിനോടകം രോഗം ഭേദമായത്. 133632 പേര്‍ നിലവില്‍ ചികിത്സയിലാണ്. 7745 പേര്‍ മരിക്കുകയും ചെയ്തു.
പഞ്ചാബ്, കേരളം, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് രോഗമുക്തി നേടുന്നവരുടെ നിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പഞ്ചാബില്‍ 2719 പേര്‍ക്ക് വൈറസ് ബാധിച്ചതില്‍ 2167 പേര്‍ രോഗമുക്തരായി. 497 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 55 പേര്‍ പഞ്ചാബില്‍ മരിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ 1411 പേര്‍ക്ക് രോഗം ബാധിച്ചവരില്‍ 559 പേര്‍ രോഗമുക്തരായി. 844 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. എട്ട് മരണമാണ് ജാര്‍ഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2096 പേര്‍ക്ക് രോഗം കണ്ടെത്തിയ കേരളത്തില്‍ 848 പേര്‍ക്ക് രോഗം ഭേദമായി. 1232 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 16 പേരാണ് ഇതുവരെ മരിച്ചത്.