ഇന്ത്യയിൽ കൊവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നു. 207615 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 8909 പേർക്ക്. 270 പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധയേറ്റ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 5815 ആയി.
കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷത്തിലേക്ക് എത്താനെടുത്തത് 15 ദിവസമാണ്. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 110ആം ദിവസമാണ് സംഖ്യ ഒരു ലക്ഷം കടന്നത്. രണ്ട് ലക്ഷമാകുന്നത് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 125ആം ദിവസമാണ്. അതേസമയം,
രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 50 ശതമാനത്തിലേക്ക് അടുക്കുകയാണ്.
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 72,000വും ഡൽഹിയിൽ 22000വും കടന്നു. കൊവിഡ് കണക്കുകൾ കൃത്യമല്ലെന്ന പരാതി ഉയരുന്നതിനിടെ ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബായ്ജാൽ നേരിട്ട് ഇടപെട്ടു. രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിച്ചു. സെറോ സർവേയുടെ ഫലം അടുത്ത ആഴ്ച്ച പുറത്തുവരുമ്പോൾ രാജ്യത്തെ കൊവിഡ് വ്യാപനം വ്യക്തമാകുമെന്ന് ഐസിഎംആർ അറിയിച്ചു.
മെയ് പത്തൊൻപതിനാണ് രാജ്യത്തെ കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നത്. ഇപ്പോൾ 8000ൽ അധികം കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. സമൂഹവ്യാപനമുണ്ടെന്ന് ഇതുവരെ അംഗീകരിച്ച് മുന്നോട്ടുപോകാത്തതിൽ ആരോഗ്യവിദഗ്ധർ അടക്കം കേന്ദ്രസർക്കാരിനെ വിമർശിക്കുന്നുണ്ട്. രാജ്യവ്യാപകമായി നടക്കുന്ന സെറോ സർവേയുടെ ഫലം അടുത്ത ആഴ്ച്ച വരുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയാകുമെന്നാണ് ഐസിഎംആർ നിലപാട്. പരിശോധനകളുടെ എണ്ണം കാര്യക്ഷമമല്ലെന്നും വിവിധ കോണുകളിൽ നിന്ന് പരാതി ഉയരുന്നുണ്ട്. പ്രതിദിനം ശരാശരി ഒരു ലക്ഷത്തി ഇരുപതിനായിരം സാമ്പിളുകൾ പരിശോധിക്കുന്നുവെന്നാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം.
തമിഴ്നാട്ടിൽ ആകെ കൊവിഡ് കേസുകൾ 24,586ഉം മരണം 197ഉം ആയി. ഡൽഹിയിൽ 24 മണിക്കൂറിനിടെ 1298 പോസിറ്റീവ് കേസുകളും 11 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 22132ഉം മരണം 556ഉം ആയി ഉയർന്നു. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 415 പോസിറ്റീവ് കേസുകളും 29 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 17,632ഉം മരണം 1092ഉം ആയി.