കോട്ടയം (www.mediavisionnews.in) : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യു.ഡി.എഫിന്റെ അന്ത്യശാസനം തള്ളി ജോസ് കെ. മാണി വിഭാഗം. യു.ഡി.എഫ്. നിര്‍ദേശം വന്നതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന പാര്‍ട്ടിയുടെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ജോസ് കെ. മാണി വ്യക്തമാക്കി.
രാജിവെച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പില്ല. കെ.എം. മാണിയുടെ കാലത്തുണ്ടാക്കിയ കരാര്‍ തിരുത്തുക എന്നത് യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീതിനിഷേധമാണ്. പഴയ കരാര്‍ തുടരണം. ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്കിലും പാലായിലും മുന്‍ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തരമൊരു കരാര്‍ ഇല്ലെന്നും ജോസ് കെ. മാണി ആവര്‍ത്തിച്ചു.
ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന മറ്റു നിര്‍ദ്ദേശങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നാണ് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ജോസ് കെ. മാണി വിഭാഗത്തെ അറിയിച്ചത്. എന്നാല്‍ നീതിയില്ലാത്ത ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജോസ് വിഭാഗം.
നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ പി.ജെ. ജോസഫ് യുഡിഎഫില്‍ കലഹം സൃഷ്ടിക്കുന്നുവെന്നും ജോസ് കെ. മാണി ആരോപിച്ചു. രാജിവെക്കില്ലെന്ന് ജോസ് വിഭാഗം വ്യക്തമാക്കിയതോടെ പി.ജെ. ജോസഫ് വിഭാഗം ശനിയാഴ്ച വൈകീട്ട് തൊടുപുഴയില്‍ ഹൈപവര്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഞായറാഴ്ച കോട്ടയം ജില്ലയിലെ എല്ലാ നിയോഗജക മണ്ഡലങ്ങളുടെയും യോഗം ജോസ് കെ. മാണി വിഭാഗം വിളിച്ചിട്ടുണ്ട്.