മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ട്വിസ്റ്റ്; 25 ബി.എസ്.പി നേതാക്കളും ബി.ജെ.പി ജില്ലാ സെക്രട്ടറിയും ഉള്‍പ്പടെ 500 പേര്‍ കോണ്‍ഗ്രസില്‍

0
470

ഭോപ്പാല്‍: മധ്യപ്രദേശില്‍ 25 ബി.എസ്.പി നേതാക്കളുടെ നേതൃത്വത്തില്‍ 500 ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രാഗി ലാല്‍ ജാദവ് ഉള്‍പ്പടെയുള്ളവരാണ് കോണ്‍ഗ്രസിലേക്ക് മാറിയത്.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ നേതാക്കള്‍ കോണ്‍ഗ്രസ് അംഗത്വം ഏറ്റുവാങ്ങി.

സിറ്റിങ് എം.എല്‍.എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ രാജി. ഗ്വാളിയാര്‍, ചമ്പല്‍ മേഖലകളിലെ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കരേര നിയമസഭാ മണ്ഡലത്തിലെ പ്രധാന നേതാവായ പ്രാഗി ലാലിന്റെ നേതൃത്വത്തില്‍ 300 ഓളം പ്രവര്‍ത്തകരാണ് ബി.എസ്.പി വിട്ടത്.

ദാബ്ര മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 100 ഓളം പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടിട്ടുണ്ട്. ദാബ്ര അടക്കമുള്ള സ്ഥലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ കൂറുമാറ്റം.

ദാബ്രയിലെ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി ദിനേഷ് കതിക്, മുന്‍ കരേര ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദീപക് അഹിര്‍വാര്‍, മുന്‍ ഡെപ്യൂട്ടി കമ്മീഷണ്‍ പി.എസ് മന്ദ്‌ലോയി എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.

ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ചിരുന്നു. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here