മണിപ്പൂരില്‍ പുതിയ രാഷ്ട്രീയ സമവാക്യം; ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷി കോണ്‍ഗ്രസിനൊപ്പം, പിന്തുണച്ച് തൃണമൂലും

0
232

ഇംഫാല്‍: മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷി പിന്‍വലിച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയസമവാക്യം. കോണ്‍റാഡ് സാംഗ്മയുടെ എന്‍.പി.പി കോണ്‍ഗ്രസുമായി സഖ്യം പ്രഖ്യാപിച്ചു.

സെക്യുലര്‍ പ്രോഗ്രസ്സീവ് ഫ്രണ്ട് എന്ന എസ്.പി.എഫില്‍ തൃണമൂല്‍ കോണ്‍ഗ്രസുമുണ്ട്. ഒരു സ്വതന്ത്ര എം.എല്‍.എയും സഖ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ ഉടന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിംഗ് ഗവര്‍ണറോട് ആവശ്യപ്പെട്ടു.

നിയമസഭയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് കോണ്‍ഗ്രസ് നീക്കം. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന ഏഴ് എം.എല്‍.എമാരെ നിയമസഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മണിപ്പൂര്‍ ഹൈക്കോടതി വിലക്കിയിരുന്നു.

ജൂണ്‍ 19 ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാന രാഷ്ട്രീയം നിര്‍ണായക നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്.

ബുധനാഴ്ച എസ് സുഭാഷ് ചന്ദ്ര സിങ്, ടി.ടി ഹവോകിപ്, സാമുവല്‍ ജെന്റായി എന്നീ എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സഖ്യകക്ഷിയായ എന്‍.പി.പിയുടെ മന്ത്രിമാരായ വൈ ജോയ്കുമാര്‍ സിങ്, എന്‍.കയിസ്, എല്‍.ജയന്തകുമാര്‍ സിങ്, ലെറ്റ്പാലോ ഹലോകിപ് എന്നിവര്‍ മന്ത്രിസ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടി റോബിന്‍ന്ദ്രോ സിങും സ്വതന്ത്ര എം.എല്‍.എ ഷഹാബുദ്ധീനും ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെയാണ് മണിപ്പൂരില്‍ ബിരേന്‍ സിങ് സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായി.

2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 28 എം.എല്‍.എമാരുമായി കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ 21 സീറ്റ് നേടിയ ബി.ജെ.പിയെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്.

കോണ്‍ഗ്രസ് ഇതര എം.എല്‍.എമാരുടെ പിന്തുണയോടെ ആയിരുന്നു ബി.ജെ.പി അധികാരം പിടിച്ചത്. 60 അംഗ നിയമസഭയില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവ നാല് സീറ്റ് വീതം നേടി.

തൃണമൂലും ലോക്ജനശക്തി പാര്‍ട്ടിയും സ്വതന്ത്രനും ഓരോ സീറ്റും വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here