ബെംഗളൂരുവില്‍നിന്ന് രണ്ടായിരം കിലോ മീറ്റര്‍ നടന്ന് വീട്ടിലെത്തി, പിന്നാലെ പാമ്പു കടിച്ച് മരണം

0
151

ബെംഗളുരുവില്‍നിന്ന് 2000 കിലോ മീറ്ററുകള്‍ കാല്‍നടയായി താണ്ടി ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലെത്തിയ ഇരുപത്തിമൂന്നുകാരന്‍ പാമ്പുകടിയേററ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗൊണ്ട ജില്ല സ്വദേശിയായ സല്‍മാന്‍ ഖാനാണ് മരിച്ചത്. വീട്ടിലെത്തി ഒരു മണിക്കൂറിനുള്ളിലായിരുന്നു മരണം. 

മെയ് 12-നാണ് സല്‍മാനടക്കം പത്തു പേര്‍ നാട്ടിലേക്ക് മടങ്ങിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി ഇല്ലാതായതോടെയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. 

‘ഞങ്ങളുടെ കോണ്‍ട്രാക്ടര്‍ ഞങ്ങള്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി പണം നല്‍കിയിരുന്നില്ല. ഞങ്ങള്‍ ട്രെയിനില്‍ വരാനാണ് കരുതിയത്. അതിനായി നാലു ദിവസങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ അക്കാര്യത്തില്‍ ഒരു പ്രതീക്ഷയും കാണാതായപ്പോഴാണ് ഞങ്ങള്‍ പത്തു പേര്‍ കാല്‍നടയായി മടങ്ങാമെന്ന് തീരുമാനിച്ചത്.’ സല്‍മാനൊപ്പം ഉണ്ടായിരുന്ന കൗശല്‍ കുമാര്‍ പറയുന്നു. 

കര്‍ണാടക അതിര്‍ത്തിയില്‍ അന്നുതന്നെ എത്തിയ ഇവര്‍ പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് റെയില്‍വേ പാളത്തിലൂടെ യാത്ര തുടര്‍ന്നത്. ആന്ധ്ര പ്രദേശ്-തെലങ്കാന അതിര്‍ത്തിയിലുള്ള തുംഗഭദ്ര നദിയും കടന്ന് അവര്‍ മാഹാരാഷ്ട്രയില്‍ പ്രവേശിച്ചു. പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഇരുട്ടിന്റെ മറ പറ്റിയായിരുന്നു സഞ്ചാരം. ട്രക്കുകളിലും കുറച്ചു ദൂരം സഞ്ചരിച്ചു. 

ഒമ്പതു ദിവസങ്ങള്‍ക്ക് ശേഷം പ്രയാഗ്‌രാജിലെത്തി. പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും റെയില്‍പാളത്തിലൂടെ യാത്ര തുടര്‍ന്നു. ലഖ്‌നൗവിലെത്തിയപ്പോഴേക്കും വിശപ്പു കൊണ്ടും ക്ഷീണം കൊണ്ടും തളര്‍ന്നുപോയ ഇവര്‍ പോലീസിന്റെ പിടിയിലായി. തുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

ഒടുവില്‍ മെയ് 26-നാണ് സല്‍മാനെ കൗശല്‍ വീട്ടില്‍ കൊണ്ടുവിടുന്നത്. അമ്മയെയും സഹോദരനെയും കണ്ടതിന് ശേഷം പൊടി പറ്റിയത് കഴുകാനായി സമീപത്തുള്ള കരിമ്പില്‍ തോട്ടത്തിലേക്ക് പോയതാണ് സല്‍മാന്‍. ഒരു മണിക്കൂര്‍ കഴിഞ്ഞ് സല്‍മാന്റെ മൃതദേഹമാണ് കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്. 

‘ഞാനും അമ്മയും സല്‍മാനെ കണ്ട് വളരെയധികം സന്തോഷിച്ചു. നടന്നുനടന്ന് സല്‍മാന്റെ കാലുകള്‍ മുറിഞ്ഞിരുന്നു.’ സഹോദരന്‍ റിയാസ് ഖാന്‍ പറയുന്നു. ഒരു മണിക്കൂറിന് ശേഷം മരിച്ച നിലയിലാണ് ഞങ്ങള്‍ സല്‍മാനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് വിഷമിച്ച അമ്മയെ ആശുപത്രിയിലാക്കേണ്ടി വന്നു. സല്‍മാന്റെ സംസ്‌കാര ചടങ്ങുകള്‍ അന്നുതന്നെ നടത്തി. 

ഡിസംബറിലാണ് ബെംഗളുരുവിലേക്ക് ജോലി തേടി സല്‍മാന്‍ ഖാന്‍ യാത്ര തിരിച്ചത്. ഉത്തര്‍പ്രദേശിലെ ഗാണ്ടയില്‍നിന്നുള്ള നിരവധി പേര്‍ക്കൊപ്പം നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന ഒരു സ്ഥലത്ത് സല്‍മാനും ജോലി കണ്ടെത്തി. ‘അവനെ സുരരക്ഷിതനായി വീടുവരെ എത്തിച്ചതാണ്. എന്നിട്ട് അവന്‍ ഇങ്ങനെ ഞങ്ങളെ വിട്ടുപോയി.’ കൗശല്‍ കുമാര്‍ കരഞ്ഞുകൊണ്ടു പറയുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here