‘പൊറോട്ട റൊട്ടിയല്ല’: 18 ശതമാനം ടാക്‌സ് വേണമെന്ന് വിധി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

0
175

ബാം​ഗ്ലൂർ: പൊറോട്ടയ്ക്ക് ജിഎസ്ടി നിരക്ക് ഉയർത്തിയ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കർണാടക അതോറിറ്റി ഫോർ അഡ്വാൻഡ്‌സ് റൂളിങിന്റെ (എഎആർ) ഉത്തരവിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. പൊറോട്ട റൊട്ടിയല്ലാത്തതിനാൽ അഞ്ചുശതമാനമല്ല 18 ശതമാനമാണ് ജിഎസ്ടി നിരക്കാണ് ഈടാക്കേണ്ടതെന്നാണ് എഎആറിന്റെ ഉത്തരവി‌ട്ടത്. 

#HandsOfPorotta എന്ന ഹാഷ്ടാ​ഗ് ട്വിറ്ററിൽ മണിക്കൂറുകൾ കൊണ്ടുതന്നെ ട്രെൻഡിം​ഗ് ആയി മാറി. “ഫുഡ് ഫാസിസം” എന്നാണ് പലരും കർണാടക എഎആറിന്റെ തിരുമാനത്തെ വിശേഷിപ്പിക്കുന്നത്. ബാം​ഗ്ലൂർ ഭക്ഷ്യ വിതരണ കമ്പനിയായ ഐഡി ഫ്രഷ് ഫുഡ്സാണ് ചപ്പാത്തിക്കും റൊട്ടിക്കും സമാനമായ ജിഎസ്ടി നിരക്ക് പൊറോട്ടയ്ക്കും ന‌ടപ്പാക്കണമെന്ന ആവശ്യവുമായി എഎആറിന്റെ മുമ്പാകെ എത്തിയത്. 

എല്ലാ ഫ്ലാറ്റ് ബ്രെഡുകളെയും റൊട്ടി എന്ന ​ഗണത്തിൽ കണക്കാക്കാനാവില്ലെന്ന് എഎആർ വ്യക്തമാക്കിയതായി പ്രമുഖ ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് മുതൽ അഞ്ച് ദിവസം വരെ കേടുകൂടാതെ ഇരിക്കുന്നവയാണ് റെഡി ‌‌ടു ഈറ്റ് ഗോതമ്പ് പൊറോട്ടയും മലബാർ പൊറോട്ടയും. കഴിക്കുന്നതിനുമുമ്പ് ചൂടാക്കേണ്ടതിനാൽ നേരിട്ട് ഇവ കഴിക്കാനാകില്ല. അതിനാൽ 18 ശതമാനം നികുതി ചുമത്തുന്നത് തുടരുമെന്ന് എഎആർ പറഞ്ഞു. ഇതോടെ പായ്ക്കറ്റിലുള്ള പൊറോട്ടയ്ക്ക് സമാന രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തുന്ന ചപ്പാത്തി, റൊട്ടി എന്നിവയെക്കാൾ ഉയർന്ന നികുതി സ്ലാബ് തുടരുമെന്ന് ഉറപ്പായി.   

പൊറോട്ട റൊട്ടി വിഭാഗത്തിൽപ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്ന് റെഡി ടു ഈറ്റ് വിഭവങ്ങളുണ്ടാക്കുന്ന ഐഡി ഫ്രഷ് ഫുഡ്സ് വാദിച്ചെങ്കിലും ഇത് അം​ഗീകരിക്കപ്പെട്ടില്ല. റൊട്ടി എന്നത് നേരത്തെ തയാറാക്കിയതോ പൂർണമായും പാകം ചെയ്തതുമായ ഭക്ഷണമാണെന്നും അതോറിറ്റി വ്യക്തമാക്കി.

 അതോറിറ്റിയുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായി. #handsoffporotta എന്ന ഹാഷ്ടാ​ഗിൽ കേരള ടൂറിസവും വിഷയത്തിൽ പ്രതികരണവുമായി എത്തി. നിങ്ങളുടെ പ്രിയപ്പെട്ട പൊറോട്ട പാചകക്കുറിപ്പുകൾ ഞങ്ങളുമായി പങ്കിടുക, എന്നതായിരുന്നു കേരള ‌ടൂറിസത്തിന്റെ പോസ്റ്റ്. 

LEAVE A REPLY

Please enter your comment!
Please enter your name here