കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മധ്യപ്രദേശ് ഭരണത്തില്‍ പ്രതിസന്ധി ഉണ്ടാക്കിയ ജ്യോതിരാദിത്യ സിന്ധ്യ വീണ്ടും പാര്‍ട്ടിലേക്ക് തന്നെ തിരിച്ചെത്തുന്നതായി സൂചനകള്‍. കഴിഞ്ഞ മാര്‍ച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറിയത്.
ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടില്‍ നിന്നും പാര്‍ട്ടിയുടെ പേര് ഒഴിവാക്കിയിരിക്കുകയാണ് ഇപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യ. ബി.ജെ.പി എന്നത് ഒഴിവാക്കി പൊതുസേവകൻ, ക്രിക്കറ്റ്ആരാധകൻ എന്ന്മാത്രമാണ് ഇപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വിറ്റര്‍ അക്കൌണ്ടിലുള്ളത്. ഇതോടെയാണ് സിന്ധ്യക്ക് മനംമാറ്റം സംഭവിച്ചതായുള്ള അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്. മുമ്പ് കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിന് മുമ്പും സമാനമായ രീതിയിൽ സിന്ധ്യ ബയോയിൽ മാറ്റം വരുത്തിയിരുന്നു.
എന്നാല്‍ ‘കോണ്‍ഗ്രസ്സി’നെ ട്വിറ്ററില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും സിന്ധ്യ, ‘ബിജെപി’യെ ചേര്‍ത്തിരുന്നില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. എന്നാല്‍ ഈ വിഷയത്തില്‍ ഒരു ഔദ്യോഗിക വിശദീകരണം സിന്ധ്യയുടെ ഭാഗത്തുനിന്നോ ബിജെപിയുടെ ഭാഗത്തുനിന്നോ പുറത്തുവന്നിട്ടില്ല.
മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനുമായി ജ്യോതിരാദിത്യ സിന്ധ്യക്ക് ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്ക്പിറകേയാണ് സിന്ധ്യ, ട്വിറ്ററില്‍ നിന്ന് പാര്‍ട്ടിയുടെ പേര് ഒഴിവാക്കിയിരിക്കുന്നുവെന്ന അഭ്യൂഹവും പ്രചരിച്ചു തുടങ്ങിയത്. അതോടെ സിന്ധ്യക്ക് കോണ്‍ഗ്രസ്സിലേക്ക് സ്വാഗതമെന്ന തരത്തിലുള്ള ഹാഷ്ടാഗുകൾ ശനിയാഴ്ച ട്വിറ്ററിൽ ട്രെൻറിംഗായിരിക്കയാണ്.
ബിജെപിയില്‍ ചേര്‍ന്നിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും കൂറുമാറ്റ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാര്‍ട്ടി നിറവേറ്റാതെ വന്നതോടെ സിന്ധ്യയും അനുയായികളും അസ്വസ്ഥരാണെന്നാണ് റിപ്പോർട്ടുകൾ. അധികാരത്തിലേറി ഒരു മാസമായിട്ടും ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചിട്ടില്ല. കൂറുമാറിയെത്തിയവരിൽ രണ്ടുപേരെ മാത്രമാണ്മന്ത്രിസഭയിൽ ഉൾപെടുത്തിയത്. രാജിവെച്ച് പാർട്ടിയിലെത്തിയവരെ തന്നെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയിലും ഭിന്നത രൂക്ഷമാണ്.
അതിനിടെ ബി.ജെ.പിക്ക് തലവേദന സൃഷ്ടിച്ചു കൊണ്ട് അടുത്തിടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ബാലേന്ദു ശുക്ല രാജിവെച്ച് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. സിന്ധ്യയ്ക്കൊപ്പം പാര്‍ട്ടി വിട്ട എം.എല്‍എയും മുന്‍ സേവാ ദള്‍ സംസ്ഥാന അധ്യക്ഷനുമായ സത്യന്ദ്ര യാദവാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ മറ്റൊരു പ്രമുഖൻ.
സിന്ധ്യ പക്ഷക്കാരായ 22 എം.എൽ.എമാർ രാജിവെച്ചതോടെയാണ് മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ മാര്‍ച്ച് മാസത്തില്‍ താഴെ വീണത്. മധ്യപ്രദേശിലെ പി.സി.സി അധ്യക്ഷ സ്ഥാനമോ രാജ്യസഭാ സീറ്റോ നൽകണമെന്ന ആവശ്യം കമൽനാഥ് അംഗീകരിക്കാതെ വന്നതോടെയാണ് 18 വർഷത്തെ ബന്ധം അവസാനിപ്പിച്ച് സിന്ധ്യ ബി.ജെ.പി പാളയത്തിലെത്തിയത്. മുതിർന്ന നേതാവായ ദിഗ്വിജയ്സിങ്ങിന്റെ പിന്തുണ കൂടി കമൽനാഥിന് ലഭിച്ചതോടെ പാർട്ടിയിൽ ഒതുക്കപ്പെടുന്നുവെന്ന സിന്ധ്യയുടെ തോന്നലും കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നതിന് ആക്കം കൂട്ടി.