ദില്ലി: രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും ഉയർന്നു. പെട്രോൾ ലിറ്ററിന് നാൽപത് പൈസയും ഡീസൽ നാൽപ്പത്തിയഞ്ച് പൈസയുമാണ് കൂടിയത്. തുടർച്ചയായ നാലാം ദിവസമാണ് വില വർധനവ്. നാല് ദിവസം കൊണ്ട് പെട്രോളിന് 2 രൂപ 14 പൈസയും ഡീസലിന് 2 രൂപ 23 പൈസയും വർധിച്ചു.
ഇതോടെ ദില്ലിയിൽ പെട്രോളിന് 73 രൂപ 40 പൈസയും ഡീസലിന് 71 രൂപ 62 പൈസയുമായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിച്ചതാണ് ഇന്ധന വില കൂടാൻ കാരണം. എൺപത്തിമൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഞായറാഴ്ച്ച വില കൂട്ടിത്തുടങ്ങിയത്. വിലവർധനവിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കഴിഞ്ഞ ദിവസം സിപിഎം രംഗത്തെത്തിയിരുന്നു.
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധനയ്ക്ക് പ്രധാന കാരണം. എണ്ണ ഉൽപാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വർധനവിനിടയാക്കിയത്.
കഴിഞ്ഞ മാസങ്ങളിൽ ക്രൂഡ് ഓയിൽ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയിൽ പ്രതിഫലിച്ചിരുന്നില്ല. മെയ് മാസത്തിൽ പെട്രോളിന്റെ എക്സൈസ് നികുതി 10 രൂപയും ഡീസലിന് 13 രൂപയും വർധിച്ചതോടെയാണിത്.