വാഷിങ്ടണ്‍: ലോകത്ത് കൊറോണവൈറസ് മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പേരുടെ ജീവന്‍ ഇതിനോടകം കവരുകയും ചെയ്തു. ലോകം കോവിഡിന്റെ പിടിയിലായിട്ട് 184 ദിവസം പിന്നിടുമ്പോഴാണ് അത് ബാധിച്ചവര്‍ ഒരു കോടി കടന്നിരിക്കുന്നതും അഞ്ച് ലക്ഷം പേര്‍ മരിക്കുകയും ചെയ്തിട്ടുള്ളത്.
ഇത്രയായിട്ടും വൈറസിന്റെ വ്യാപനം വര്‍ധിക്കുകയല്ലാതെ ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ലോകരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
ചൈനയിലെ വുഹാന്‍ മത്സ്യ-മാംസ ചന്തയില്‍ നിന്ന് പകര്‍ന്ന് ലോകംമുഴുവന്‍ പരിഭ്രാന്തിയിലാഴ്ത്തുന്നത് തുടരുന്ന കൊറോണവൈറസ് 185 രാജ്യങ്ങളിലേക്ക് വ്യാപിച്ചു.
ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 25 ലക്ഷത്തിലധികം പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചിട്ടുണ്ട്. 1.28 ലക്ഷം പേര്‍ ഇതിനോടകം മരിച്ചു. തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലാണ് രണ്ടാം സ്ഥാനത്തുള്ളത്. 13.15 ലക്ഷം പേര്‍ക്ക് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 57,103 പേര്‍ മരിച്ചു.
രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് റഷ്യയും തൊട്ടുപിന്നില്‍ ഇന്ത്യയുമാണ്. റഷ്യയില്‍ 6.27 ലക്ഷം പേരില്‍ വൈറസ് എത്തിയിട്ടുണ്ട് ഇതുവരെ. ഇന്ത്യയില്‍ 5.2 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം ദിനംപ്രതിയുള്ള രോഗികളുടെ വര്‍ധനവിലും മരണത്തിലും റഷ്യയേക്കാള്‍ മുന്നിലാണ് ഇന്ത്യ എന്നത് ആശങ്ക പരത്തുന്നുണ്ട്.
ഒമ്പതിനായിരത്തോളം പേരാണ് റഷ്യയില്‍ രോഗം പിടിപെട്ട് മരിച്ചത്. ഇന്ത്യയില്‍ കോവിഡ് മരണങ്ങള്‍ ഇതിനോടകം 15,000 കടന്നു.