ന്യൂദല്‍ഹി: അവസാന ഘട്ട തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം ഭൂരിപക്ഷം നേടിയിരിക്കുകയാണ് രാജ്യസഭയില്‍. വെള്ളിയാഴ്ച പൂര്‍ത്തിയായ തെരഞ്ഞെടുപ്പിലെ എണ്ണം കൂടി പരിഗണിച്ചാല്‍ ബി.ജെ.പിക്ക് 86 ഉം പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് 41 ഉം അംഗങ്ങളാണ് ഇനി രാജ്യസഭയിലുള്ളത്.
245 അംഗ രാജ്യ സഭയില്‍ എന്‍.ഡി.എ സഖ്യത്തിന്റെ അംഗബലം നൂറിനടുത്താണ്. ഒമ്പത് വീതം സീറ്റുകളുള്ള എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി, ആറ് സീറ്റുകളുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, മറ്റ് ചെറിയ പാര്‍ട്ടികള്‍ എന്നിവരും സഖ്യത്തിന് പിന്തുണ നല്‍കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാരിന് രാജ്യസഭയില്‍ ഗൗരവമേറിയ തീരുമാനങ്ങളെടുക്കാന്‍ പ്രതിസന്ധികളൊന്നുമുണ്ടാവില്ലെന്ന് ചുരുക്കം.
മോദി സര്‍ക്കാരിന്റെ 2014 മുതല്‍ 2019 വരെയുള്ള ആദ്യ ടേമില്‍ രാജ്യസഭയിലുള്ള ശക്തി കുറവ് പല തീരുമാനങ്ങളെടുക്കുന്നതിലും തടസമായി നിന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് രാജ്യസഭയിലുള്ള അംഗസംഖ്യയായിരുന്നു ഇതിന് തടസമായിരുന്നത്.
61 സീറ്റുകളിലേക്കുള്ള രണ്ട് ഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇത് നീട്ടി വെക്കുകയായിരുന്നു.
42 അംഗങ്ങള്‍ നേരത്തെ തന്നെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വെള്ളിയാഴ്ച ബാക്കി 19 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എട്ടും കോണ്‍ഗ്രസിനും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും നാല് വീതം സീറ്റുകളുമാണ് ലഭിച്ചത്. മൂന്ന് മറ്റ് പാര്‍ട്ടികളില്‍നിന്നുള്ളവരും രാജ്യസഭാ പ്രവേശം നേടി.
മധ്യപ്രദേശിലും ഗുജറാത്തിലും കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയിലേക്കുണ്ടായ കൂറുമാറ്റത്തോടെ ബി.ജെ.പിക്ക് രാജ്യസഭാ സീറ്റുകളുടെ എണ്ണം മുമ്പത്തേതിനേക്കാള്‍ വര്‍ധിപ്പിക്കാനും കഴിഞ്ഞു.
മൊത്തത്തില്‍ ബി.ജെ.പിക്ക് 17 ഉം കോണ്‍ഗ്രസിന് ഒമ്പതും ജെ.ഡി.യുവിന് മൂന്നും ബി.ജെ.ഡിക്കും തൃണമൂലിനും നാല് വീതവും എ.ഐ.എ.ഡി.എം.കെ.്ക്കും ഡി.എം.കെയ്ക്കും മൂന്ന് വീതവും എന്‍.സി.പിക്കും ആര്‍.ജെ.ഡിക്കും ടി.ആര്‍.എസിനും രണ്ട് വീതവും മറ്റുള്ളവര്‍ക്ക് ബാക്കി സീറ്റുകളുമാണ് നേടാനായത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയുള്ള വിഭജിക്കല്‍, പൗരത്വ ഭേദഗതി പോലുള്ള ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് എളുപ്പമാക്കിയത് രാജ്യസഭയിലെ പ്രാധിനിത്യമായിരുന്നു.
കോണ്‍ഗ്രസിന്റെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ബി.ജെ.പിയുടെ ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങി 43 അംഗങ്ങളാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടതില്‍ ആദ്യമായി രാജ്യസഭയിലേക്കെത്തുന്നവര്‍.