കൊവിഡ് ആശങ്കകൾക്കിടയിൽ കാസര്‍കോട് ഡെങ്കിപ്പനിയും

0
209

കാസർകോട്: (www.mediavisionnews.in) കൊവിഡ് ആശങ്കകൾക്കിടയിൽ കാസര്‍കോട് ഡെങ്കിപ്പനി പിടിമുറുക്കുന്നു. രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ആയിരത്തിഅഞ്ഞൂറ് കടന്നു. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമായി നടപ്പാക്കുകയാണ്.

ഡെങ്കിപ്പനി ബാധിതരെ കണ്ടെത്തുന്നതിനായുള്ള റാപ്പിഡ് ടെസ്റ്റ് കാസര്‍കോട് ജില്ലയിലെ വിവിധ മേഖലകളിൽ ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത മേഖലകളിലാണ് ആദ്യഘട്ടത്തിൽ പരിശോധന. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ജില്ലയുടെ വടക്കൻ മേഖലകളിലാണ് നിലവിൽ കൂടുതൽ രോഗബാധിതരുള്ളത്.

പൈവളിഗെ, കന്യാല, ധർമ്മത്തടുക്ക, ബെള്ളൂർ, ചേരാൽ, മാണിപ്പാടി, കാണിക്കട്ടെ, കുടാൽമർക്കള, സ്ഥിരന്തടുക്ക എന്നീ മേഖലകളിൽ മാത്രം 32 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.ഇതിന്റെ പശ്ചാത്തലത്തിലാണ് പൈവളികയിൽ ഡെങ്കിപ്പനി പരിശോധന ആരംഭിച്ചത്. കയ്യൂർ, ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലും രോഗബാധ കൂടുതലാണ്.

69 പേർക്കാണ് കാസര്‍കോട് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മാർച്ച് മാസത്തിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത് മുതൽ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഏപ്രിൽ, മെയ് മാസങ്ങളിലും മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ പേർക്ക് രോഗബാധ കണ്ടെത്തി. കൊതുക് വളരാൻ കാരണമായ ഉറവിടനശീകരണവും ശുചീകരണ പ്രവർത്തനങ്ങളും ലോക്ക് ഡൗൺ കാലത്ത് കാര്യക്ഷമമായി നടപ്പാക്കാനാകാത്തത് രോഗവ്യാപനത്തിനുള്ള സാഹചര്യമൊരുക്കി. 1582 പേരാണ് നിലവിൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here