ചെന്നൈ: ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യപ്രവര്‍ത്തകനായി കള്ളന്‍ കവര്‍ന്നത് 8.2 ലക്ഷം രൂപ. അണുനാശിനി പ്രയോഗത്തിനെന്ന വ്യാജേന എടിഎമ്മില്‍ കയറിയ കള്ളന്‍ മുഴുവന്‍ പണവുമായി മുങ്ങി. പുറത്ത് സുരക്ഷാ ജീവനക്കാരന്‍ നില്‍ക്കുമ്പോഴാണ് കള്ളന്‍ കവര്‍ച്ച നടത്തിയത്. ചെന്നൈ എംഎംഡിഎ ഈസ്റ്റ് റോഡിലാണ് സംഭവം.
അണുനാശിനി പ്രയോഗിക്കാനായി എല്ലാ സജ്ജീകരണങ്ങളോടെയുമാണ് മോഷ്ടാവ് എത്തിയത്. സംശയം തോന്നാതിരുന്ന സുരക്ഷാ ജീവനക്കാരന്‍ ഏറെ നേരം ഇയാളെ ഉള്ളില്‍ തുടരാന്‍ അനുവദിച്ചു. പണമെടുക്കാന്‍ എത്തിയ ആളുകള്‍ ആളുകള്‍ പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇയാള്‍ ബാങ്കിന്റെ ജീവനക്കാരനാണെന്നാണ് ഉപഭോക്താക്കള്‍ കരുതിയത്. എന്നാല്‍, പണമെടുത്ത് പുറത്തിറങ്ങിയ ഇയാള്‍ പെട്ടെന്ന് പുറത്തുനിര്‍ത്തിയ ഓട്ടോയില്‍ കയറി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരാളാണ് സുരക്ഷാ ഉദ്യോഗസ്ഥനെ വിവരമറിയിച്ചത്.
പിന്നീട് നടത്തിയ പരിശോധനയില്‍ പണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു. മധുരവൊയല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെന്നൈയില്‍ എല്ലാ വാര്‍ഡിലും പൊതുസ്ഥലങ്ങളില്‍ അണുനാശിനി പ്രയോഗം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം മുതലെടുത്താണ് ഇയാള്‍ വേഷം മാറി മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.