കോഴിക്കോട്: കള്ളക്കേസെടുത്ത് ബുദ്ധിമുട്ടിെച്ചന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർ അഞ്ച് ലക്ഷം രൂപ പിഴ നൽകണമെന്ന് കോടതി വിധി. ഡി.സി.സി ജനറല്‍ സെക്രട്ടറി ഷാജിര്‍ അറഫാത്ത് എലത്തൂര്‍ സി.ഐ കെ.കെ. ബിജു, എസ്.ഐ കബീർ, എ.എസ്.ഐ ബാബുരാജ് എന്നിവരെ എതിർകക്ഷികളാക്കി നൽകിയ ഹരജിയിലാണ് കോഴിക്കോട് രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവ്.
എസ്.ഐ ബിജു, അറഫാത്തിനെ കള്ളക്കേസില്‍ കുടുക്കി എന്നായിരുന്നു പരാതി. കാര്‍ ഓടിക്കവേ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു എന്നായിരുന്നു ഷാജിർ അറഫാത്തിനെതിരായ കേസ്. നഷ്ടപരിഹാരത്തുകക്ക് പുറമെ ആറു ശതമാനം പലിശയും നല്‍കണം. പരാതിക്കാരന് വേണ്ടി അഡ്വ. ശ്യാം പത്മന് ഹാജരായി.
ഷാജിര്‍ അറഫാത്തിെൻറ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍നിന്ന് ഉമേഷ് എന്നയാള്‍ ചെക്ക് നല്കി കമ്പ്യൂട്ടര്‍ വാങ്ങിയിരുന്നു. 2008 ലാണ് സംഭവം. ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് അറഫാത്ത് കേസ് കൊടുത്തു. കോടതി വാറൻറ് പുറപ്പെടുവിച്ചു. ഇതിെൻറ പേരിൽ ഉമേഷ് അറഫാത്തിനെ ഫോണില്‍ ഭീഷണിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നടക്കാവ് സ്റ്റേഷനില്‍ പരാതി നല്കിയപ്പോള് എസ്.ഐ ആയിരുന്ന കെ.കെ. ബിജു സ്വീകരിക്കാന്‍ തയാറായില്ല.
ചെക്ക് കേസ് ഒത്തുതീര്‍ക്കണമെന്നായിരുന്നു ബിജുവിെൻറ ആവശ്യം. എന്നാല്‍ അറഫാത്ത് അതിന് തയാറായിരുന്നില്ല. ഇതിെൻറ പ്രതികാരമായാണ് പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയത് എന്നായിരുന്നു ഷാജിർ അറഫാത്തിെൻറ പരാതി.