കോഴിക്കോട്: (www.mediavisionnews.in) കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നും സ്വർണം പിടികൂടി. റാസൽഖൈമയിൽ നിന്നും എത്തിയ കണ്ണൂർ സ്വദേശി ജിതിനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് 736 ഗ്രാം സ്വർണം കൊണ്ടുവന്നത്. സ്പൈസ് ജെറ്റ് ചാർട്ടേഡ് വിമാനത്തിലാണ് ജിതിൻ എത്തിയത്.
വിപണിയില്‍ 30 ലക്ഷം വില വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയിരുന്നു. ഇവരെല്ലാം ഒരു സംഘമാണോ എന്ന് അന്വേഷണം നടക്കുന്നുണ്ട്. കോവിഡ് കാലത്തെ പ്രത്യേക വിമാനങ്ങളില്‍ പോലും സ്വര്‍ണക്കടത്ത് കണ്ടെത്തിയതോടെ പരിശോധന കര്‍ശനമാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു.
യുഎഇയിൽ നിന്നുള്ള രണ്ട് വിമാനങ്ങളിൽ എത്തിയ നാല് പേരെയാണ് ഇന്നലെ കരിപ്പൂരില്‍ പിടികൂടിയത്. സ്വര്‍ണത്തിന് 81 ലക്ഷം രൂപ വില വരും. ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യയിലെ യാത്രക്കാരൻ ജിത്തുവിനെ 1153 ഗ്രാം സ്വർണവുമായാണ് പിടികൂടിയത്. മിശ്രിത രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം.
ദുബൈയിൽ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ എത്തിയ മൂന്ന് യാത്രക്കാരും സ്വർണവുമായി പിടിയിലായി. മൂന്ന് പേരിൽ നിന്നായി മിശ്രിത രൂപത്തിലാക്കിയ ഒന്നേകാൽ കിലോ സ്വർണം പിടിച്ചെടുത്തു. തലശ്ശേരി സ്വദേശികളായ നസിഫുദ്ധീനിൽ നിന്നും 288 ഗ്രാമും ഫഹദില്‍ നിന്നും 287 ഗ്രാമും കണ്ണൂർ പാനൂർ സ്വദേശി ബഷീറിൽ നിന്നും 475 ഗ്രാമും പിടിച്ചെടുത്തു.