ചണ്ഡീഗഡ്: പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ ഇന്നലെ അരങ്ങേറിയത് ഏറെ നാടകീയമായ രംഗങ്ങൾ. അച്ഛനമ്മമാരുടെ സമ്മതം കൂടാതെ ഒളിച്ചോടി വിവാഹിതരായ ഒരു യുവാവും യുവതിയും കോടതിയുടെ സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് ഹരിപാൽ ശർമയ്ക്ക് മുന്നിൽ അവർ തങ്ങളുടെ വാദത്തിനു ബലം പകരാനായി വിവാഹം കഴിച്ചതിന്റെ തെളിവെന്നോണം വിവാഹച്ചടങ്ങുകളുടെ ഫോട്ടോകൾ ഹർജിയോടൊപ്പം സമർപ്പിച്ചിരുന്നു.
പ്രസ്തുത ഫോട്ടോകൾ പരിശോധിച്ച ജഡ്ജി പക്ഷേ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു. എന്നാൽ അവരുടെ വാദം കേൾക്കുന്നതിന് പകരം, കോടതി മാസ്ക് ധരിക്കാതെ വിവാഹച്ചടങ്ങുകൾ നടത്തിയതിനുള്ള പിഴയായി പതിനായിരം രൂപ ഈടാക്കാൻ വിധിക്കുകയാണുണ്ടായത്. പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ ഈ തുക ഹോഷിയാർപുർ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ അടക്കണം എന്നും, പിഴത്തുക ആരോഗ്യപ്രവർത്തകർക്ക് മാസ്കുകൾ വാങ്ങാൻ പ്രയോജനപ്പെടുത്തണം എന്നും ജഡ്ജി വിധിച്ചു.
തങ്ങൾ ഇരുവരും പ്രായപൂർത്തി ആയവരാണ് എന്നും, തങ്ങളെ വിവാഹിതരാകാൻ ബന്ധുജനങ്ങൾ സമ്മതിക്കുന്നില്ല, തങ്ങളുടെ ബന്ധത്തെ അംഗീകരിക്കുന്നില്ല എന്നുമായിരുന്നു ഹർജിക്കാരുടെ വാദം. മാത്രവുമല്ല ഭീഷണിപ്പെടുത്തി, ബലം പ്രയോഗിച്ച് തങ്ങളെ തമ്മിൽ വേർപിരിക്കാൻ രക്ഷിതാക്കൾ ശ്രമിക്കുന്നു എന്നും അവർ പരാതിപ്പെട്ടു.
പരാതിക്കാരുടെ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഒരു വിഘാതവും ഉണ്ടാകാത്ത വിധത്തിൽ ഈ കേസിന് ഒരു പരിഹാരം കാണാൻ ഗുർദാസ്പൂർ എസ്പിയോട് നിർദേശിച്ചുകൊണ്ടാണ് ജസ്റ്റിസ് ഹരിപാൽ വർമ കോടതി കേസ് തീർപ്പാക്കിയത്.