ആല്‍ക്കഹോള്‍ അടങ്ങുന്നതിനാല്‍ സാനിറ്റൈസര്‍ ക്ഷേത്രത്തില്‍ അനുവദിക്കില്ലെന്ന് പൂജാരി

0
209

ഭോപ്പാല്‍: ആല്‍ക്കഹോള്‍ അടങ്ങുന്നതിനാല്‍ കൊവിഡ് പടരുന്നതിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന സാനിറ്റൈസര്‍ ക്ഷേത്രത്തില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് പൂജാരി. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള മാ വൈഷ്ണവധാം നവ് ദുർഗാ ക്ഷേത്രത്തിലെ പൂജാരിയായ ചന്ദ്രശേഖര്‍ തിവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാരിന്‍റെ ചുമതല മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുക എന്നുള്ളതാണ്. പക്ഷേ, ആല്‍ക്കഹോള്‍ അടങ്ങുന്ന സാനിറ്റൈസര്‍ ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്നുവെന്ന് ചന്ദ്രശേഖര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. മദ്യപിച്ചിട്ട് ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല.

അങ്ങനെയുള്ളപ്പോള്‍ ആല്‍ക്കഹോള്‍ അടങ്ങുന്ന സാനിറ്റൈസര്‍ കൈകളില്‍ തേച്ചിട്ട് എങ്ങനെ അകത്ത് കയറുമെന്ന് പൂജാരി ചോദിച്ചു. കൈകള്‍ ശുദ്ധിയാക്കാനുള്ള മെഷീന്‍ ക്ഷേത്രത്തില്‍ പുറത്ത് സ്ഥാപിക്കാം. അവിടെ സോപ്പ് വയ്ക്കാവുന്നതാണ്. എങ്ങനെ ആയാലും വീട്ടില്‍ കുളിച്ച ശേഷം മാത്രമെ ഏതൊരാളും ക്ഷേത്രത്തിലേക്ക് വരികയുള്ളൂവെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം ഇന്നലെയാണ് പുറത്തിറങ്ങിയത്. 

ആരാധനാലയങ്ങളിൽ പ്രവേശിക്കാനടക്കം അനുവാദം നല്‍കികൊണ്ടുളള ഇളവുകളില്‍ വ്യക്തതവരുത്തുന്നതാണ് കേന്ദ്രത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശം. കണ്ടെയ്ന്‍‌മെന്റ് സോണില്‍ ആരാധനാലയം തുറക്കരുത്. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളിലും പോകരുത്. ആരാധനാലയങ്ങളിൽ പ്രവേശിക്കുമ്പോഴും മുഖാവരണം നിർബന്ധമായും ധരിക്കണം.

ആരാധനാലയങ്ങളില്‍ നിന്ന് പ്രസാദമോ തീർത്ഥമോ നല്കരുത്. കൊയറും പ്രാർത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകൾ അനുവദിക്കരുത്. പ്രാർത്ഥനയ്ക്ക് പൊതുപായ ഒഴിവാക്കണം. വിഗ്രഹങ്ങളിലും മൂർത്തികളിലും തൊടാൻ അനുവദിക്കരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മെയ് 30നുള്ള ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here