ആദ്യ ദിവസം കേരളം 400 പാസ് അനുവദിച്ചു; കർണാടക ആർക്കും അനുമതി നൽകിയില്ല

0
177

കാസർകോട്: (www.mediavisionnews.in) ജോലി ആവശ്യത്തിന് കേരള– കർണാടക അതിർത്തിയായ തലപ്പാടി വഴി കാസർകോടു നിന്ന് മംഗളൂരുവിലേക്കും തിരിച്ചും പോകാനുള്ള അനുമതി നൽകിയ ആദ്യ ദിവസം കേരളം 400 പേർക്ക് കാസർകോട്ടേക്കു വരാൻ അനുമതി നൽകിയപ്പോൾ 1000 പേർ അപേക്ഷിച്ചിട്ടും മംഗളൂരു ഭാഗത്തേക്കു പോകാൻ കർണാടക അനുമതി നൽകിയില്ല.

കാസർകോട് നിന്ന് മംഗളൂരുവിലേക്ക് പാസിനായി അപേക്ഷിച്ച ആയിരത്തോളം പേരിൽ ആർക്കും പാസ് നൽകിയിട്ടില്ലെന്ന് ചുമതല വഹിക്കുന്ന മംഗളൂരു അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. ഇന്നലെ വൈകിട്ട് 3 വരെ കാസർകോട് ജില്ലയിൽ നിന്ന് മംഗളൂരുവിലേക്ക് പോകാൻ 960 പേരാണു പാസിന് അപേക്ഷിച്ചത്. വൈകിട്ടോടെ ഇത് ആയിരം കടക്കുമെന്നു കരുതുന്നതായും അസി. കമ്മിഷണർ പറഞ്ഞു. മംഗളൂരുവിൽ നിന്ന് 17 പേർ ഇന്നലെ കാസർകോടെത്തി ജോലി ചെയ്ത് മടങ്ങി.

കാസർകോട് നിന്ന് 13 പേർ മംഗളൂരുവിലേക്ക് പോയതായി കാസർകോട് ജില്ലാ ഭരണകൂടം പറയുന്നുണ്ടെങ്കിലും ഏതു പാസുപയോഗിച്ചാണ് കർണാടക കടത്തി വിട്ടതെന്നു വ്യക്തമല്ല.  കാസർകോടു നിന്നു മംഗളൂരുവിലേക്കുള്ള യാത്ര രണ്ടര മാസമായി വിലക്കിയിരിക്കുകയായിരുന്നു. ജോലി ആവശ്യത്തിനു വരുന്നവർക്കും വിദ്യാർഥികൾക്കുമാണ് നിലവിൽ പാസ് നൽകുന്നത്. പാസിനായി ദക്ഷിണ കന്നഡ അധികൃതർ നൽകിയ ലിങ്ക് പ്രവർത്തിക്കുന്നില്ലെന്നും പരാതി ഉണ്ടായി. കൂടുതൽ ആളുകൾ വരുന്നത് ഒഴിവാക്കാനാണ് ഇതു ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്.

പാസ് എടുത്തവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙പാസ് ലഭിച്ചാൽ ഇതിൽ പറയുന്ന സ്ഥലത്തു മാത്രമേ എത്താവൂ. മറ്റിടങ്ങളിൽ സഞ്ചരിച്ചാൽ നടപടിയെടുക്കും. 

∙രാവിലെ ജില്ലയിലെത്തുന്നവർ വൈകിട്ട് മടങ്ങുകയും വേണം. അല്ലാത്ത പക്ഷം പിടികൂടി ക്വാറന്റീൻ ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. 

∙യാത്രാ പാസുകൾ അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ ഇരുനേരവും കാണിച്ച് പോക്കുവരവുകൾ കൃത്യമായി റജിസ്റ്റർ ചെയ്യണം. ഒരു ഭാഗത്തേക്കുള്ള യാത്ര മാത്രം റജിസ്റ്റർ ചെയ്യുകയും മറു ഭാഗത്തേക്കുള്ളത് റജിസ്റ്റർ  ചെയ്യാതിരുന്നാൽ   തിരിച്ചെത്തിയില്ലെന്ന്  കണക്കാക്കി  യാത്രക്കാരനെ ക്വാറന്റീനിലേക്ക് മാറ്റി നിയമ നടപടികൾ സ്വീകരിക്കും.

മംഗളൂരുവിലേക്ക്  പാസിന്

∙ മംഗളൂരു ഉൾപ്പെടെ ദക്ഷിണ കന്നഡ ജില്ലയിൽ  സ്ഥിരയാത്ര ചെയ്യുന്നവർ പാസിനായി  https://bit.ly/dkdpermit എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. വിലാസവും ലക്ഷ്യസ്ഥാനവും കൃത്യമായി നൽകണം.

∙ആധാർ, സ്ഥാപന തിരിച്ചറിയിൽ രേഖ എന്നിവടക്കം ആവശ്യപ്പെടുന്ന എല്ലാം രേഖകളും അപ്‌ലോഡ് ചെയ്യണം.

∙ അനുവദിച്ചു കിട്ടുന്ന പാസിനു ജൂൺ 30 വരെ കാലാവധിയുണ്ട്.

 ദക്ഷിണ കന്നഡ ജില്ലയിൽ നിന്ന്  കാസർകോട്ടേക്ക് പാസിന്

∙കോവിഡ്–19 ജാഗ്രതാ പോർട്ടലിൽ ‘എമർജൻസി’ വിഭാഗത്തിൽ റജിസ്റ്റർ ചെയ്യണം.

∙പോർട്ടലിൽ കാരണം വിവരിക്കുന്ന  കോളത്തിൽ ‘INTERSTATE TRAVEL ON DAILY BASIS’ എന്ന് നൽകണം.

∙ ഒരു മണിക്കൂറിനകം  പാസ് അനുവദിക്കും. ഇതിന് 28 ദിവസത്തെ സാധ്യത ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here