തിരുവനന്തപുരം: (www.mediavisionnews.in) രാജ്യത്ത് അഞ്ചാംഘട്ട ലോക്ഡൗണ്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കണ്ടെയ്ന്മെന്റ് സോണുകളില്‍ ഈ മാസം 30 വരെയാണ് ലോക്ഡൗണ്‍. കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ എട്ടാം തീയതി മുതലായിരിക്കും നിലവില്‍ വരിക. ആരാധനാലയങ്ങള്‍, മാളുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവയ്ക്ക് അന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. രാജ്യാന്തര വിമാന സര്‍വ്വീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമ തീയേറ്ററുകള്‍ , മെട്രോ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും.
200 പാസഞ്ചര്‍ ട്രെയിനുകള്‍ കൂടി ഇന്നുമുതല്‍ രാജ്യമെമ്പാടും ഓടിത്തുടങ്ങും. ഒന്നരലക്ഷം പേര് ആദ്യ ദിവസം യാത്ര ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു. കര്‍ഫ്യൂ രാത്രി 9 മണിമുതല്‍ പുലര്‍ച്ചെ 5 മണി വരെയാക്കിയതും ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനാനന്തര യാത്രകള്‍ക്കുള്ള വിലക്ക് ഇന്നുമുതല്‍ ഉണ്ടാകില്ല. അതേസമയം കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. ഇതനുസരിച്ചുള്ള പ്രഖ്യാപനങ്ങള്‍ സംസ്ഥാനങ്ങള്‍ നടത്തിവരികയാണ്.