2.45 ലക്ഷം രോഗികൾ; സ്പെയിനെ മറികടന്ന് ഇന്ത്യ, ലോകപട്ടികയിൽ അഞ്ചാമത്

0
226

ന്യൂഡല്‍ഹി: (www.mediavisionnews.in) ലോകത്ത് കൊറോണ വൈറസ്  കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ. 2,45,670 കേസുകളുമായി സ്പെയിനെ മറികടന്നാണ് ശനിയാഴ്ച ഇന്ത്യ അഞ്ചാമതായതെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകളിൽ പറയുന്നു. പട്ടികയിൽ യുഎസ്, ബ്രസീൽ, റഷ്യ, യുകെ എന്നിവയ്ക്കു പിന്നിലാണ് നിലവിൽ ഇന്ത്യ. രാജ്യത്ത് പിന്നിട്ട നാലു ദിവസങ്ങളിൽ റെക്കോർഡ് കുതിപ്പാണ് രോഗബാധിതരുടെ കണക്കിൽ രേഖപ്പെടുത്തുന്നത്. സ്പെയിനിൽ 2,41,310 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  

24 മണിക്കൂറിനിടെ ഇന്ത്യയിൽ 9,887 പേർക്കാണു പുതുതായി രോഗം ബാധിച്ചതെന്നാണ് ശനിയാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്. അതേസമയം രോഗം ഭേദപ്പെടുന്നവരുടെ ശതമാനത്തിൽ ശനിയാഴ്ച നേരിയ കുറവുണ്ടായി. വെള്ളിയാഴ്ച 48.27 ശതമാനം ആയിരുന്നത് ഇപ്പോൾ 48.20 ശതമാനമാണ്. 24 മണിക്കൂറിനിടെ 294 പേരാണ് രാജ്യത്ത് രോഗം ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 6,642 ആയി. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് രോഗികളുടെ എണ്ണം 9,000 ത്തിലേറെ രേഖപ്പെടുത്തുന്നത്.

രോഗം തുടക്കത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച ഇറ്റലിയെ വെള്ളിയാഴ്ച ഇന്ത്യ മറികടന്നിരുന്നു. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്ക് പ്രകാരം വെള്ളിയാഴ്ച അർധ രാത്രിവരെ ഇന്ത്യയിലെ കോവിഡ് രോഗികൾ 2,35,769 ഉം ഇറ്റലിയിലേത് 2,34,531 ഉം ആയിരുന്നു. രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും 1 ലക്ഷത്തിൽ അധികം പേർ കോവിഡ് ബാധിച്ചു ചികിൽസയിലുണ്ട്. 

രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം നാലക്കമോ, അതിൽ അധികമോ ആണ്. രോഗം ബാധിച്ചവർ, ചികിൽസയിലുള്ളവർ, ഭേദപ്പെട്ടവര്‍, മരണ സംഖ്യ എന്നിവയിലെല്ലാം മഹാരാഷ്ട്രയാണു മുന്നിൽ. ശനിയാഴ്ച മാത്രം 2739 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച 120 പേര്‍ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിൽ മാത്രം മരിച്ചവരുടെ എണ്ണം 2,849 ആയി.  സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 82,968 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here