19 രാജ്യസഭാ സീറ്റുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ഫലം 5 മണിയോടെ

0
217

ന്യൂഡല്‍ഹി: രാജ്യസഭയിലെ 24 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള 19 രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, മണിപ്പൂര്‍, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഝാര്‍ഖണ്ഡ്, മിസോറം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈകുന്നേരം അഞ്ചുമണിയോടെ ഫലപ്രഖ്യാപനം നടക്കും.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റില്‍ ഭരണകക്ഷിയായ ബി.ജെ.പി. സഖ്യത്തിന് (എന്‍.ഡി.എ.) വിജയപ്രതീക്ഷയുണ്ട്. ഫലം വരുന്നതോടെ ഉപരിസഭയിലും സഖ്യം ഭൂരിപക്ഷത്തോടടുക്കും.

കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മത്സരിക്കുന്ന രാജസ്ഥാനില്‍ കക്ഷിനില അനുസരിച്ച് മൂന്നില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസിന് ലഭിക്കേണ്ടതാണ്. ഇവിടെ, അട്ടിമറിക്ക് ബി.ജെ.പി. ശ്രമിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ജയ്പുരിലെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കയാണ്. ബി.ജെ.പി.യും ഇവിടെ എം.എല്‍.എ.മാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

ഗുജറാത്തില്‍ അധികാരത്തിലുള്ള ബി.ജെ.പി.ക്ക് നാലുസീറ്റില്‍ മൂന്നെണ്ണം നേടാന്‍ രണ്ട് സാമാജികരുടെ പിന്തുണകൂടി വേണം. ഇവിടെയും കോണ്‍ഗ്രസ് എം.എല്‍.എ.മാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ എട്ട് എം.എല്‍.എ.മാര്‍ ബി.ജെ.പി. സ്വാധീനത്താല്‍ പലതവണയായി രാജിവെച്ചിരുന്നു.

ജാര്‍ഖണ്ഡിലെ രണ്ടുസീറ്റിലേക്ക് ബി.ജെ.പി.യും കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ഓരോ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. മധ്യപ്രദേശിലും മൂന്നുസീറ്റിലേക്ക് ബി.ജെ.പി.യും കോണ്‍ഗ്രസും രണ്ടുസ്ഥാനാര്‍ഥികളെ വീതം നിര്‍ത്തി.

മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും (ജനതാദള്‍-എസ്) കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടക്കം നാലുപേര്‍ കര്‍ണാടകത്തില്‍നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ രണ്ടുപേര്‍ ബി.ജെ.പി.യില്‍നിന്നാണ്. ഒരാള്‍ കോണ്‍ഗ്രസില്‍ നിന്നും.

തിരഞ്ഞെടുപ്പു കഴിയുന്നതോടെ രാജ്യസഭയില്‍ എന്‍.ഡി.എ. ഭൂരിപക്ഷത്തിലേക്ക് അടുക്കും. സുഹൃദ്പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ. ചേരുന്നതോടെ 115 അംഗങ്ങളുടെ പിന്തുണ സര്‍ക്കാരിനുണ്ടാകും. 245 അംഗസഭയില്‍ ഭൂരിപക്ഷത്തിനുവേണ്ടത് 123 സീറ്റാണ്. ബി.ജെ.ഡി. (9), ടി.ആര്‍.എസ്. (7), വൈ.എസ്.ആര്‍. കോണ്‍ഗ്രസ് (6) പാര്‍ട്ടികളുടെ 22 സീറ്റുകള്‍ നിര്‍ണായകസമയങ്ങളിലെല്ലാം അനുകൂലമായി ലഭിക്കുന്നതിനാല്‍ ഭരണമുന്നണിക്ക് ഒട്ടും ഭയക്കാനില്ല.

LEAVE A REPLY

Please enter your comment!
Please enter your name here