കണ്ണൂര്‍: പതിനാലുകാരന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂർ നഗരം അനിശ്ചിത കാലത്തേക്ക് പൂർണ്ണമായും അടച്ചു. കണ്ണൂർ കോർപ്പറേഷന് കീഴിലെ മുഴുവൻ വാർഡുകളും കണ്ടെയിന്‍മെന്‍റ് സോണാക്കി. കടകളോ ഓഫീസുകളോ തുറന്നാൽ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു. പതിനാലുകാരന്‍റെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താത്തത് ആശങ്ക വർധിപ്പിക്കുന്നതായി ജില്ലാ കളക്ടർ പറഞ്ഞു. രണ്ട് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ച കെസ്ആർടിസി ഡ്രൈവർ എത്തിയ കണ്ണൂർ ഡിപ്പോയിലെ 40 ജീവനക്കാർ നിലവിൽ ക്വാറന്‍റീനിലാണ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 2697 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 90 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 19 പേരാണ്. സമ്പർക്കം മൂലം മൂന്ന് പേർക്ക് രോഗം വന്നു. ഇതുവരെ 2697 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1351 പേർ ചികിത്സയിലുണ്ട്. 1,25307 പേരാണ് നിരീക്ഷണത്തിലുള്ളത്. 1989 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 203 പേരാണ് ആശുപത്രിയിലായത്. ഇതുവരെ 1,22,466 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3019 പരിശോധനാഫലം വരാനുണ്ട്. സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി 33,559 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 32,300 നെഗറ്റീവായി.