കോഴിക്കോട് (www.mediavisionnews.in) : ‘പതിനയ്യായിരം രൂപയുടെ സ്മാർട്ട് ഫോണുകൾ മൂവായിരം രൂപയ്ക്ക്, പതിനായിരം രൂപ വിലയുള്ള ബ്രാൻഡഡ് വാച്ചുകൾ രണ്ടായിരം രൂപയ്ക്ക് തുടങ്ങിയ പരസ്യങ്ങൾ വ്യാജ വെബ്സൈറ്റുകൾ വഴി പ്രചരിപ്പിച്ച് സൈബർ തട്ടിപ്പ് വ്യാപകം. സോഷ്യൽ മീഡിയവഴി രാജ്യത്തെ മുൻനിര ഷോപ്പിങ് സൈറ്റുകളുടെ വ്യാജപതിപ്പിറക്കിയാണ് തട്ടിപ്പ്.
നിരവധിയാളുകളാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ട് ജില്ലയിൽ സൈബർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതി പറയുന്നതെന്ന് പോലീസ് പറയുന്നു.
പ്രമുഖ ഷോപ്പിങ് സൈറ്റുകളായ ഫ്ളിപ്കാർട്ട്, ആമസോൺ തുടങ്ങിവയുടെ വ്യാജസൈറ്റുകൾ നിർമിച്ചാണ് കൂടുതലായും ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നത്. ഇതിനു പുറമെ വിശ്വാസ്യതയില്ലാത്ത തട്ടിക്കൂട്ട് ഷോപ്പിങ് സൈറ്റുകൾ വഴി വമ്പൻ ഓഫർ വാഗ്ദാനം നൽകി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് പണം തട്ടുന്നവരും സജീവമാണ്.
കോവിഡ്- 19 കാരണം കാഷ് ഓൺ ഡെലിവറി സൗകര്യം ഇല്ലെന്നും മുൻകൂറായി പണം നൽകിയാൽ മാത്രമേ ഇത്തരം ഓഫർ ലഭ്യമാകൂവെന്നും അറിയിച്ച് മുൻകൂറായി പണം വാങ്ങി സാധനങ്ങൾ നൽകാതെയാണ് തട്ടിപ്പ്. പലപ്പോഴും ആഴ്ചകൾക്കുശേഷം ഇത്തരം സൈറ്റുകൾ അപ്രത്യക്ഷമാകുന്നു. കുറച്ച് ജാഗ്രത കാണിച്ചാൽ ഇത്തരം സൈബർ തട്ടിപ്പുകളിൽ നിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷനേടാമെന്ന് പോലീസ് പറയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രമുഖ ഷോപ്പിങ് സൈറ്റുകൾ അവരുടെ ഉത്പന്നങ്ങൾ നേരിട്ടു വിൽക്കുകയല്ല ചെയ്യുന്നത്. രജിസ്റ്റർ ചെയ്ത വിൽപ്പനക്കാരാണു വസ്തുക്കൾ വിൽക്കുന്നത്. ഏതൊരു ഉത്പന്നത്തിന്റെയും കൂടെ വിൽക്കുന്നയാളുടെ വിശദാംശങ്ങളും പ്രധാന ഷോപ്പിങ് സൈറ്റുകൾ നൽകാറുണ്ട്. ഇവരുടെ മുൻകാല സേവനത്തിന്റെ അഭിപ്രായംകൂടി വായിച്ചുനോക്കി വേണം സാധനങ്ങൾ വാങ്ങാൻ.
പരസ്യം ചെയ്യുന്നത് ഏതെങ്കിലും കന്പനിയുടെയോ ബ്രാൻഡിന്റെയോ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ആണോ എന്നുറപ്പാക്കുക. ഇന്ത്യയിലെ പ്രമുഖ ഷോപ്പിങ് സൈറ്റുകൾക്കെല്ലാം വെരിഫൈഡ് സിംബൽ അഥവാ ബ്ലൂ ടിക് ഉണ്ട്. ഇങ്ങനെ ഫെയ്‌സ്ബുക്ക് ഒറിജിനൽ അഥവാ ഔദ്യോഗികം എന്ന് അംഗീകരിച്ച പേജിലാണ് ഓഫറുകൾ എന്ന് ഉറപ്പാക്കുക. ഓഫറുകൾ നൽകുന്ന സൈറ്റിന് എത്രമാത്രം ജനപ്രീതി ഉണ്ടെന്നതും പരിശോധിക്കുക. വെബ്‌സൈറ്റിന്റെ ഫെയ്‌സ്ബുക്ക് പേജിൽ നോക്കിയാലും സൈറ്റിന് എത്ര പഴക്കമുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമാണ്.
വിൽപ്പനക്കാരെക്കുറിച്ച് ശ്രദ്ധവേണം
ഓൺലൈൻ ഷോപ്പിങ് നടത്തുന്ന മിക്കവരും സൈറ്റ് അല്ലാതെ വിൽപ്പനക്കാരെക്കുറിച്ച് ശ്രദ്ധിക്കാറില്ല. അവരുടെ മുൻകാല പ്രവർത്തനങ്ങൾ നോക്കിവേണം സാധനങ്ങൾ വാങ്ങാൻ. മുൻകൂർ പണം നൽകി സാധങ്ങൾ വാങ്ങുന്നവർ ഇത് ശ്രദ്ധിക്കണം.
സി. ശിവപ്രസാദ്, സി.ഐ.
(സൈബർ പോലീസ് സ്റ്റേഷൻ, കോഴിക്കോട്)