പാകിസ്താന് ക്രിക്കറ്റ് താരം ഷുഹൈബ് മാലികിന് ഭാര്യക്കും മകനുമൊപ്പം ചിലവഴിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്(പി.സി.ബി) അനുമതി നല്‍കി. മാലികിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ബോര്‍ഡിന്റെ നടപടി. അതിന് ശേഷം ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമില്‍ മാലികും ചേരും. കോവിഡിന്റെയും അതിനെതുടര്‍ന്നുള്ള ലോക്ഡൗണിന്റെയും പശ്ചാതലത്തില്‍ അഞ്ചുമാസമായി മാലിക് ഇന്ത്യയിലുള്ള ഭാര്യയും ടെന്നീസ് താരവുമായ സാനിയമിര്‍സയേയും മകനെയും കണ്ടിട്ടില്ല. ഇതിന്റെ പശ്ചാതലത്തിലാണ് ഇംഗ്ലണ്ട് പരമ്പരക്ക് പുറപ്പെടും മുമ്പ് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ അവസരം നല്‍കിയത്.
മൂന്ന് മത്സരങ്ങളടങ്ങിയ ടി20-ടെസ്റ്റ് പരമ്പരയാണ് പാകിസ്താനും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനുള്ളത്. ആഗസ്റ്റ്-സെപ്തംബര്‍ മാസത്തിലാണ് പരമ്പര നിശ്ചയിച്ചിട്ടുള്ളത്. കോവിഡിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടില്‍ ക്രിക്കറ്റിന് വേദിയൊരുങ്ങുന്നത്. ഈ മാസം 28ന് പാകിസ്താന്‍ സംഘം ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ഇംഗ്ലണ്ടിലെത്തിയാല്‍ പതിനാല് ദിവസം ക്വാറന്റൈനാണ്. നേരത്തെ മകന്‍ ഇസ്ഹാന് അവന്റെ അച്ഛനെ കാണാനാകാത്തതാണ് ലോക്ക്ഡൗണ്‍ കാലത്തെ ഏറ്റവും വലിയ സങ്കടമെന്ന് സാനിയ പറഞ്ഞിരുന്നു. മകന് അവന്റെ അച്ഛനെ ഇനി എന്നു കാണാനാകും എന്ന് അറിയില്ലെന്നും സാനിയ വ്യക്തമാക്കിയിരുന്നു.
ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും നേരത്തെ വിരമിച്ച മലിക് കരിയറിന്റെ അവസാന ഘട്ടത്തിലാണ്. 38 കാരനായ മാലിക് ടി20യിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പാകിസ്താന് വേണ്ടി 287 ഏകദിനങ്ങളും 113 ടി20യുമാണ് കളിച്ചിട്ടുണ്ട് മാലിക്. ടി20 ക്രിക്കറ്റില്‍ നിന്നും അടുത്ത് തന്നെ വിരമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.