നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികള്‍ കൂടുതല്‍ പേരെ ഭീഷണിപെടുത്തിയെന്ന് പരാതി. മറ്റൊരു നടിയും മോഡലും പരാതിയുമായി രംഗത്ത് എത്തി. മരട് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.
ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം പാലക്കാട് കേന്ദ്രീകരിച്ച് നിരവധി പേരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. വിദേശത്ത് സ്വർണ്ണ വ്യാപാരമുണ്ടെന്നും സ്വർണക്കടത്തിന് സഹായം ചെയ്യണമെന്നും ഷംനയോട് പ്രതികൾ പറഞ്ഞതായും പരാതിയുണ്ട്.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം വലിയ തട്ടിപ്പ് റാക്കറ്റിലെ അംഗങ്ങളാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. ഷംനക്ക് വിവാഹ ആലോചനയ്ക്കെന്ന പേരിൽ പരിചയപ്പെടുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഷംനയുടെ മാതാവിന്‍റെ പരാതിയിൽ പറയുന്നത്. പാലക്കാട്ടെ കേന്ദ്രീകരിച്ച് സംഘം പുതുമുഖ താരങ്ങളെ മോഡലിംഗിനെന്ന പേരിൽ വിളിച്ചുവരുത്തി പണവും സ്വർണ്ണവും തട്ടിയെടുക്കാൻ ശ്രമിച്ചതായി പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. പ്രതികളിലൊരാൾക്ക് വിദേശത്ത് സ്വർണ്ണക്കടയുണ്ടെന്ന് പറഞ്ഞ് പ്രതികൾ സ്വർണ്ണം കടത്താൻ സഹായിക്കാൻ ആവശ്യപ്പെട്ടെന്നും ഇതിനായി പണം വാഗ്ദാനം ചെയ്തെന്നും സൂചനയുണ്ട്.
ഷൂട്ടിംഗ് കഴിഞ്ഞ് ഷംന ഹൈദരാബാദിൽ നിന്ന് മടങ്ങിയെത്തുമ്പോൾ പൊലീസ് മൊഴി രേഖപ്പെടുത്തും. തട്ടിപ്പ് സംഘം വരൻ എന്ന് പരിചയപ്പെടുത്തിയ ആളുമായി ഷംന നടത്തിയ മൊബൈൽ ചാറ്റുൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിക്കും. തട്ടിപ്പിനായി പ്രതികൾ ഉപയോഗിച്ചത് കാസർകോടുകാരനായ ടിക് ടോക് താരത്തിന്‍റെ ചിത്രമാണ്. ഇയാൾ കേസുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഷംനയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടന്നും പൊലീസ് പറഞ്ഞു.