സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ കുറയും; പ്രളയസാധ്യത തള്ളിക്കളയാതെ വിദഗ്ധർ, കാസര്‍കോട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

0
235

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന്‍റെ തീവ്രത കുറയുന്നു. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടായിരിക്കും. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇതോടെ കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷത്തിന്‍റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തല്‍. ജൂൺ പകുതിയോടെ വീണ്ടും മഴ കനക്കുമെന്നും വിലയിരുത്തൽ. എന്നാൽ ഇത്തവണയും പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്നും കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം,കാറ്റിന്‍റെ വേഗം 45 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

നിസർഗ ചുഴലിക്കാറ്റിന്‍റെ പ്രഭാവം വരും ദിവസങ്ങളിൽ കേരളത്തിൽ വലിയ രീതിയിൽ ബാധിക്കില്ല എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലും മഴ കുറയും. ജൂൺ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ കിട്ടും. ജൂൺ പതിനഞ്ചോടെ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കനുസരിച്ച് പാലക്കാട് ജില്ലയിൽ പ്രതീക്ഷിച്ചതിലും കുറവ് മഴയാണ് കിട്ടിയത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ സാധാരണ രീതിയിൽ മഴ ലഭിച്ചു. 

എന്നാൽ, ബാക്കി പതിനൊന്ന് ജില്ലകളിലും ശരാശരിയേക്കാൾ കൂടുതൽ മഴ പെയ്തു. സംസ്ഥാനത്ത് ഇതുവരെ 78 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. 38 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്താണ് ഇത്രയും അധികം മഴ കിട്ടിയത്. ഇത് ശരാശരിയേക്കാൾ 118 ശതമാനം കൂടുതലാണ്. കഴിഞ്ഞ രണ്ട് വർഷവും പ്രതീക്ഷിച്ചതിലധികം മഴയാണ് സംസ്ഥാനത്ത് കിട്ടിയത്. ഇത്തവണയും മഴയുടെ വിതരണക്രമം അനുസരിച്ച് മൂന്നാം പ്രളയസാധ്യത തള്ളിക്കളയാനാവില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here