അയോധ്യ: രാമക്ഷേത്രനിർമാണം വേഗത്തിലാരംഭിക്കാൻ രാമജന്മഭൂമിയിലെ ശിവക്ഷേത്രത്തിൽ ബുധനാഴ്ച രുദ്രാഭിഷേകം നടത്തി. അതേസമയം, രാമക്ഷേത്രനിർമാണം ആരംഭിക്കുന്നതിൻറെ പ്രതീകാത്മക തുടക്കംകുറിക്കുന്നത് താത്കാലികമായി നിർത്തിവെച്ചു.
രാമക്ഷേത്രനിർമാണം വേഗത്തിലാരംഭിക്കാൻ കുബേർതിലാ ക്ഷേത്രത്തിൽ പ്രത്യേക പൂജയായ ‘രുദ്രാഭിഷേകം’ നടത്തിയതായി മഹന്ദ് നൃത്യ ഗോപാൽ ദാസിന്റെ വക്താവ് മഹന്ദ് കമൽ നയൻ ദാസ് അറിയിച്ചു. സുപ്രീംകോടതി വിധിക്കുശേഷം രാമക്ഷേത്രത്തിന്റെ നിർമാണചുമതല വഹിക്കുന്ന രാംമന്ദിർ ട്രസ്റ്റിന്റെ മേധാവിയാണ് മഹന്ദ് നൃത്യ ഗോപാൽ ദാസ്.
രുദ്രാഭിഷേകത്തിനു തൊട്ടുപിന്നാലെ രാമക്ഷേത്രത്തിന്റെ അടിത്തറയുടെ നിർമാണപ്പണികൾ ആരംഭിക്കുമെന്ന് തിങ്കളാഴ്ച കമൽ നയൻ ദാസ് അറിയിച്ചിരുന്നു. രണ്ടു മണിക്കൂറിന്റെ പൂജയ്ക്കുശേഷം മന്ദിരത്തിന്റെ അടിസ്ഥാനശിലാ സ്ഥാപനം നടക്കുമെന്നും വ്യക്തമാക്കിയിരുന്നെങ്കിലും ക്ഷേത്രനിർമാണം വേഗത്തിലാക്കാനുള്ള പ്രാർഥന മാത്രമാണ് ബുധനാഴ്ച നടന്നതെന്ന് മഹന്ദ് കമൽ നയൻ ദാസ് അറിയിച്ചു.