ദില്ലി: (www.mediavisionnews.in) രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചത് 357 പേർ. ഇതാദ്യമായാണ് 24 മണിക്കൂറിനിടയിലെ കൊവിഡ് മരണസംഖ്യ 300 കടക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 8102 ആയി ഉയർന്നു.
ഇന്ന് രാവിലെ എട്ട് മണി വരെയുള്ള 24 മണിക്കൂറിൽ 9996 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത് കൊവിഡ് കേസുകളുടെ എണ്ണം 2,86,579 ആയി ഉയർന്നു. ഈ ആഴ്ചയിൽ തന്നെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നേക്കാം എന്ന ആശങ്ക ഇതോടെ ശക്തമായി.
അതേസമയം രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണവും കാര്യമായി ഉയർന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 1,51,808 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതു വരെ 52 ലക്ഷത്തിലേറെ കൊവിഡ് പരിശോധനകൾ രാജ്യത്ത് നടത്തി. കൃത്യമായി പറഞ്ഞാൽ 52, 13, 140 സാംപിളുകൾ പരിശോധിച്ചു.
മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എഴുപത് ശതമാനവും ഉള്ളത്. ജൂലൈ പകുതി വരെയെങ്കിലും രാജ്യത്തെ കൊവിഡ് വ്യാപനം ശക്തമായി തുടരുമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. രോഗികളുടെ എണ്ണം നിലവിലുള്ളതിലും പലമടങ്ങായി വർധിക്കുമെന്ന് ദില്ലി സർക്കാർ ഇതിനോടകം മുന്നറിയിപ്പ് നൽകി കഴിഞ്ഞു.