മധ്യപ്രദേശ് ആവര്‍ത്തിക്കാതിരിക്കാന്‍ രാജസ്ഥാനില്‍ തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ്; എം.എല്‍.എമാരെ സ്വാധീനിച്ചാല്‍ നിയമ നടപടികളും

0
245

ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ വശത്താക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചെന്ന വിവരം ലഭിച്ചയുടന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് കോണ്‍ഗ്രസ്. എം.എല്‍.എമാരെ ബുധനാഴ്ച രാത്രിയോടെ റിസോര്‍ട്ടിലേക്ക് മാറ്റി. ദല്‍ഹി-ജയ്പുര്‍ ഹൈവേയ്ക്ക് സമീപത്തുള്ള ശിവ വിലാസ് റിസോര്‍ട്ടിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.

സര്‍ക്കാരിനെ ദുര്‍ബലമാക്കാനുള്ള ശക്തമായ നീക്കമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന ആരോപണവുമായി ചീഫ് വിപ്പും രംഗത്തെത്തി.അശോക് ഗെലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരെ വശീകരിച്ച് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് നടക്കുന്നെന്നും ചീഫ് വിപ്പ് മഹേഷ് ജോഷി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് അഴിമതി വിരുദ്ധ ബ്യൂറോ ഡയറക്ടര്‍ ജനറലിന് മഹേഷ് ജോഷി പരാതി നല്‍കി. അഴിമതി, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍, ജന പ്രതിനിധികളെ സ്വാധീനിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇദ്ദേഹം രേഖാമൂലം പരാതി നല്‍കിയത്.

‘കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നമ്മളത് കണ്ടതാണ്. ഇതേ ശ്രമം തന്നെയാണ് രാജസ്ഥാന്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ മാരെയും ഞങ്ങളെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം.എല്‍.എമാരെയും സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്’, മഹേഷ് ജോഷി പരാതിയില്‍ പറഞ്ഞു.

ഇത്തരം നീക്കങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കും ജനഹിതത്തിനും വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധവും അപലപനീയവും ശിക്ഷാര്‍ഹമായ കുറ്റവുമാണ്. ജനപ്രധിനിതികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പിയെ പേരെടുത്ത് പറയാതെയായിരുന്നു മഹേഷ് ജോഷി പരാതി നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെയാണ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

ഗുജറാത്തിലെ തങ്ങളുടെ എം.എല്‍.എമാര്‍ ബി.ജെ.പി പാളയത്തിലേക്ക് പോകാതെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഭരണമുള്ള രാജസ്ഥാനിലേക്ക് മാറ്റിയത്. എന്നാല്‍ ഇപ്പോള്‍ രാജസ്ഥാനിലെ ഭരണം തന്നെ പോവുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.

LEAVE A REPLY

Please enter your comment!
Please enter your name here