ഭോപ്പാല്‍: സംഘ്പരിവാര്‍ ‘ഗോ രക്ഷാ’ സംഘ നേതാവിനെ ഒരു സംഘം വെടിവച്ചു കൊന്നു. മധ്യപ്രദേശിലെ ഹൊഷംഗാബാദ് ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യം സമീപത്തുള്ളയാള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടു.
വിശ്വ ഹിന്ദു പരിഷത്തിനു കീഴില്‍ ‘ഗോ രക്ഷാ’ വിങ്ങിന്റെ ജില്ലാ ചുമതലയുള്ള രവി വിശ്വകര്‍മയാണ് കൊല്ലപ്പെട്ടത്. മറ്റു രണ്ടു പേരോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇയാള്‍. ഭോപ്പാലില്‍ നിന്ന് 150 കിലോ മീറ്റര്‍ വിദൂരത്തുള്ള പിപാറിയ നഗരത്തിലാണ് സംഭവം.
മുഖം മറച്ച വടികളും ദണ്ഡുകളുമായെത്തിയ ഒരു സംഘമാണ് രവിയുടെ കാര്‍ ആക്രമിക്കുകയും വെടിവച്ച് കൊല്ലുകയും ചെയ്തത്. പുറകില്‍ നിന്ന് ഇതെല്ലാം ഒരാള്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മൊബൈലില്‍ പകര്‍ത്തുന്നയാള്‍ ഓട്ടോറിക്ഷയിലാണെന്ന് കരുതുന്നു. ഇയാളോടെ തിരിച്ചുപോകാമെന്ന് ഒരു സ്ത്രീ പറയുന്നതും കേള്‍ക്കാം.