മണിപ്പുരിൽ അവസാനനിമിഷം ‘രാജാവിനെ വെട്ടി കരുനീക്കം’; 4 എൻപിപി എംഎൽമാർ ബിജെപി പാളയത്തിൽ?

0
178

ഇംഫാൽ∙ മൂന്നു ബിജെപി എംഎൽഎമാർ നിയമസഭാംഗത്വം രാജിവച്ചതോടെ പ്രതിസന്ധിയിലായ മണിപ്പുരിലെ എൻ.ബിരോൺ സിങ് സർക്കാർ ജീവശ്വാസം വീണ്ടെടുക്കുന്നതായി റിപ്പോർട്ട്. സഖ്യകക്ഷിയായ എൻപിപി (നാഷണൽ പീപ്പീൾസ് പാർട്ടി)യിലെ 4 അംഗങ്ങളെ റാഞ്ചിയാണ് ബിജെപി അവസാന നിമിഷം പോരാട്ടം സജീവമാക്കിയത്.

എന്തുവന്നാലും ബിജെപിയുമായി കൈകോർക്കില്ലെന്ന നിലപാട് എടുത്ത എൻപിപി മണിപ്പൂർ ഘടകത്തെ സമാധാനിപ്പിക്കാൻ ബിരോൺ സിങ് എൻപിപി ദേശീയ അധ്യക്ഷൻ കോൺറാഡ് സാങ്മ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി ‘ട്രബിൾ ഷൂട്ടർ’ ഹിമന്ദ ബിശ്വ ശർമ എന്നിവരെ കഴിഞ്ഞ ദിവസം മണിപ്പൂരിൽ എത്തിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ഇംഫാലിൽനിന്ന് എൻപിപി അംഗങ്ങളെ അനുനയിപ്പിച്ചു ഡൽഹിയിൽ എത്തിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. എൻപിപിയിലെ നാല് എംഎൽമാർ ബുധനാഴ്ച ബിജെപി ദേശീയ നേതൃത്വവുമായി ആശയവിനിമയം നടത്തിയേക്കുമെന്നാണു പുറത്തു വരുന്ന സൂചനകൾ. എൻ.ബിരോൺ സിങ് സർക്കാരിനെ താഴെയിറക്കാൻ കച്ചകെട്ടിയിറങ്ങിയ മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്രാം ഇബോബി സിങ്ങിനെതിരെ 332 കോടി രൂപയുടെ അഴിമതിക്കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള നീക്കത്തിനിടെയാണ് എൻപിപിയിലെ അംഗങ്ങളെയും ചർച്ചയ്ക്കായി ബിജെപി ഡൽഹിയിൽ എത്തിച്ചത്.

ഇതോടെ മണിപ്പൂരിൽ അനായാസം അധികാരം പിടിക്കാമെന്ന ഇബോബി സിങ്ങിന്റെ കണക്കുകൂട്ടലുകൾക്ക് അതേനാണയത്തിൽ തന്നെ തിരിച്ചടി നൽകാൻ ബിജെപിക്കായെന്നാണു വിലയിരുത്തൽ. ഉപമുഖ്യമന്ത്രി ഉൾപ്പെടെ നാല് എൻപിപി അംഗങ്ങൾക്കും ക്യാബിനറ്റ് പദവി നൽകിയിട്ടും പിന്നിൽനിന്ന് കുത്തിയെന്നു ബിജെപി നേതൃത്വം പരസ്യമായി വിമർശനം തൊടുത്തതിനു പിന്നാലെയാണ് എൻപിപി എംഎൽമാരെ ബിജെപി പാളയത്തിൽ എത്തിച്ചത്. മന്ത്രിസഭ രൂപീകരണത്തിനായി ഒക്രാം ഇബോബി സിങ് അവകാശവാദം ഉന്നയിച്ചിരുന്നു.

മൂന്നു ബിജെപി എംഎൽഎമാർ നിയമസഭാംഗത്വം രാജിവച്ച് കോൺഗ്രസിൽ ചേക്കേറിയതിനു പിന്നാലെ സഖ്യകക്ഷിയായ എൻപിപിയിലെ 4 അംഗങ്ങളും ഏക തൃണമൂൺ കോൺഗ്രസ് അംഗവും ഒരു സ്വതന്ത്ര അംഗവും മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു. ഇതോടെ എൻ.ബിരോൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ന്യൂനപക്ഷമായി മാറി. 60 അംഗ നിയമസഭയിൽ ബിജെപി സർക്കാരിന് 23 പേരുടെ പിന്തുണ മാത്രമാണുള്ളത്.

നേരത്തെ മണിപ്പുർ ഹൈക്കോടതി കോൺഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന 7 എംഎൽഎമാരെ നിയമസഭയിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കിയിരുന്നു. അതിനു മുൻപ് കോൺഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന ശ്യാംകുമാർ സിങ്ങിനെ സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു. നിലവിലെ കണക്കു പ്രകാരം മണിപ്പുർ നിയമസഭയുടെ അംഗബലം 49 ആണ്. കേവല ഭൂരിപക്ഷത്തിന് 25 പേരുടെ പിന്തുണവേണം. പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള കോൺഗ്രസ് നീക്കത്തിനു 26 എംഎൽഎമാരുടെ പിന്തുണയുണ്ട്. എന്നാൽ എൻപിപിയിലെ നാല് അംഗങ്ങളെ കൂടെനിർത്താൻ ബിജെപിക്കു കഴിഞ്ഞാൽ മണിപ്പൂരിൽ പോരാട്ടം കനക്കും.

എൻ.ബിരോൺ സിങ്ങിനെ മാറ്റിയാൽ മാത്രം നിലപാടു മാറ്റമെന്ന ആവശ്യത്തിൽ എൻപിപി ഉറച്ചുനിന്നാൽ കാര്യങ്ങൾ സങ്കീർണമാകും. സഖ്യസർക്കാരിനെ നിലനിർത്താൻ എന്തു ത്യാഗത്തിനു തയാറാകണമെന്ന പാർട്ടിയിലെ ചില നേതാക്കളുടെ നിലപാട് ബിരോൺ സിങ്ങിന്റെ ചിറകരിയുമെന്നു പ്രാദേശിക നേതൃത്വം മുൻകൂട്ടി കാണുന്നുമുണ്ട്.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 60 അംഗ സഭയിൽ 28 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാൽ 21 സീറ്റു മാത്രമുള്ള ബിജെപിയെയാണു സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത്. ഈ തീരുമാനം ഏറെ വിവാദമുണ്ടാക്കിയിരുന്നു. 8 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയോടെയാണു ബിരോൺ സിങ് മന്ത്രിസഭയുണ്ടാക്കിയത്. കൂറുമാറിയ കോൺഗ്രസ് എംഎൽഎമാരുടെ അംഗത്വം സംബന്ധിച്ച് സുപ്രീം കോടതി, ഹൈക്കോടതി വിധികൾ ബിജെപിക്കു പ്രതികൂലമായി വന്നതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്.

2017 നിയമസഭ തിരെഞ്ഞെടുപ്പ് ഫലം

ആകെ സീറ്റ്: 60
കോൺഗ്രസ്: 28
ബിജെപി: 21
എൻപിപി : 4
എൻപിഎഫ്: 4
എൽജെപി : 1
തൃണമൂൽ കോൺഗ്രസ്: 1
സ്വതന്ത്രൻ: 1

LEAVE A REPLY

Please enter your comment!
Please enter your name here