നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു; സേനയിലെ മുഴുവന്‍ പോലീസുദ്യോഗസ്ഥരും സജ്ജരാകാന്‍ ഡി.ജി.പിയുടെ നിര്‍ദേശം

0
149

കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.

സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്പെഷ്യല്‍ യൂണിറ്റുകളിലെയും എസ്.പിമാര്‍ ഉള്‍പ്പെടെയുളള 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയ്ക്ക് ലഭ്യമാക്കും. ഇവര്‍ നാളെ രാവിലെ ജില്ലാ പോലീസ് മേധാവിമാര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യും. പോലീസ് മൊബിലൈസേഷന്‍റെ ചുമതല ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പിയ്ക്കാണ് നല്‍കിയിരിക്കുന്നത്.

സ്പെഷ്യല്‍ പോലീസ് ഓഫീസേഴ്സ്, ഹോം ഗാര്‍ഡുകള്‍ എന്നിവരുടെ സേവനം ഉറപ്പാക്കും. കഴിയുന്നത്ര പോലീസ് വോളന്‍റിയേഴ്സിനെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലേര്‍പ്പെടുന്ന എല്ലാ പോലീസുദ്യോഗസ്ഥരും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് സ്വയരക്ഷ ഉറപ്പാക്കണം. പോലീസുദ്യോഗസ്ഥരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ സ്റ്റേറ്റ് വെല്‍ഫെയര്‍ ഓഫീസറായ ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പിക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധചെലുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനായി വിമാനത്താവളങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ മറ്റൊരിടത്തും നിര്‍ത്താതെ വീടുകളിലേക്ക് പോകുന്നുവെന്നും കൃത്യസമയത്ത് വീടുകളിലെത്തുന്നുണ്ടെന്നും പോലീസുദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here