നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ധനസഹായം പ്രഖ്യാപിച്ച് നോർക്ക റൂട്ട്‌സ്. പ്രവാസികൾക്ക് 5000 രൂപ നൽകുമെന്നാണ് അറിയിപ്പ്.
ഈ മാസം 15 മുതലാണ് ധനസഹായം വിതരണം ചെയ്യുക. ലോക്ക് ഡൗണൺ മൂലം നാട്ടിൽ കുടുങ്ങിയവർ, വീസ കാലാവധി കഴിഞ്ഞവർ എന്നിവർക്കാണ് സഹായം നൽകുക. പ്രവാസികളുടെ നാട്ടിലെ അക്കൗണ്ടിലാണ് പണം നൽകുന്നത്. സത്യവാങ്മൂലം നൽകിയാൽ ബന്ധുക്കളുടെ അക്കൗണ്ടിലും തുക കൈമാറും.
നേരത്തെയും പ്രവാസികൾക്കായി നോർക്ക സഹായ പദ്ധതികൾ ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികൾക്ക് അടിയന്തര വായ്പ നൽകാൻ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ്(എൻഡിപ്രേം) എന്ന പദ്ധതിയായിരുന്നു ആവഷ്‌കരിച്ചിരുന്നത്. കുറഞ്ഞത് രണ്ട് വർഷം വരെ വിദേശത്ത് ജോലി ചെയ്ത ശേഷം സ്ഥിരമായി നാട്ടിലെത്തിയവർക്കാണ് വായ്പ അനുവദിക്കുന്നത്. സംയോജിത കൃഷി, ഭക്ഷ്യ സംസ്‌കരണം, ക്ഷീരോൽപ്പാദനം, മത്സ്യകൃഷി, ആട്, കോഴി വളർത്തൽ, പുഷ്പ കൃഷി, പച്ചക്കറി കൃഷി, കമ്പ്യൂട്ടർ ഉപകരണങ്ങൾ, തേനീച്ച വളർത്തൽ, ഹോംസ്റ്റേ, റിപ്പയർ ഷോപ്പുകൾ, ചെറുകിട വ്യാപാര സ്ഥാനപങ്ങൾ, ടാക്‌സി സർവ്വീസ്, ബ്യൂട്ടി പാർലറുകൾ, എന്നിങ്ങനെ വിവിധ സംരംഭങ്ങൾ തുടങ്ങാനാണ് വായ്പ അനുവദിക്കുക.