ദല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത മലയാളി മാധ്യമ പ്രവർത്തകര്‍ അടക്കമുള്ളവര്‍ക്കെതിരെ കൂട്ടത്തോടെ കേസ്

0
200

മോദി സര്‍ക്കാരിനെയും സംഘപരിവാറിനെയും വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൂട്ടത്തോടെ കേസെടുത്തതായി ‘ദേശാഭിമാനി’ റിപ്പോര്‍ട്ട്. ബിജെപി നേതാക്കളുടെ പരാതിയില്‍ ​എഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് വ്യാപക കേസെടുത്തിരിക്കുന്നത്. ഏഷ്യാനെറ്റി-ന്‍റെ ഡല്‍ഹി വംശഹത്യാ റിപ്പോര്‍ട്ടിങ്ങില്‍ ഡല്‍ഹി റിപ്പോര്‍ട്ടര്‍ പി.ആര്‍ സുനില്‍, ഡൽഹി കോ‐ഓർഡിനേറ്റിങ് എഡിറ്റർ പ്രശാന്ത്‌ രഘുവംശം, എക്സിക്യൂട്ടീവ്‌ എഡിറ്റർ സിന്ധു സൂര്യകുമാർ, എഡിറ്റർ എം.ജി രാധാകൃഷ്‌ണൻ എന്നിവരെ പ്രതികളാക്കിയാണ് ഡൽഹി ആർ.കെ പുരം പൊലീസ്‌ കേസെടുത്തത്. മതസ്‌പർദ്ധ വളര്‍ത്തി, കലാപത്തിന്‌ പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ബിജെപി നേതാവ്‌ പുരുഷോത്തമൻ പാലയാണ് പരാതിക്കാരന്‍.

ഇവര്‍ക്ക് പുറമെ സ്വാതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ വിനോദ്‌ ദുവയ്‌ക്കെതിരെയും ദ വയര്‍ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജിനെതിരെയും കേസെടുത്തിട്ടുണ്ട്. ബിജെപി വക്താവ്‌ നവീൻ കുമാറിന്‍റെ പരാതിയിൽ ഡൽഹി ക്രൈംബ്രാഞ്ച്‌ ആണ് വിനോദ്‌ ദുവയ്‌ക്കെതിരെ കേസെടുത്തത്. ദുവെയുടെ ‘വിനോദ് ദുവെ ഷോ‘ എന്ന യൂ ട്യൂബ് പരിപാടിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ചുള്ള പരാമര്‍ശത്തിന്‍റെ പേരിലാണ് സിദ്ധാര്‍ഥ് വരദരാജിനെതിരെ കേസെടുത്തത്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് സ്ഥാനചലനമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ദാവല്‍ പട്ടേലിനെ 72 മണിക്കൂര്‍ തടവിലിട്ടിരുന്നു. നിസാമുദ്ദീന്‍ മര്‍കസ് തലവന്‍റേതെന്ന പേരില്‍ പ്രചരിച്ച ശബ്ദ സന്ദേശം വ്യാജമാണെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്സപ്രസ് ലേഖകനും പൊലീസ് ചോദ്യം ചെയ്യല്‍ നേരിടേണ്ടിവന്നു. ഡല്‍ഹി വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരില്‍ മലയാളത്തില്‍ മീഡിയവണ്‍, ഏഷ്യാനെറ്റ് എന്നീ ചാനലുകള്‍ക്കെതിരെ 48 മണിക്കൂര്‍ നിരോധനത്തിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടിരുന്നു. പിന്നീട് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ നിരോധനം പിന്‍വലിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here