തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

0
183

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊറോണ വാർഡിൽ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡിൽ നിന്ന് ചാടിപ്പോയ ഇയാളെ ഇന്നലെ അധികൃതർ പിടികൂടി വീണ്ടും ആശുപത്രിയിലാക്കിയിരുന്നു. വാ‍ർഡിനുള്ളിൽ രാവിലെ തൂങ്ങി മരിക്കാൻ ശ്രമിച്ച ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. 

ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ തൂങ്ങി മരിച്ചത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിച്ച ശേഷം ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ സാന്ത്വനിപ്പിക്കുകയും കൗൺസലിംഗ് നൽകുകയും ചെയ്തിരുന്നു.

രാവിലെ ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പായി ആഹാരവും നൽകി. വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നഴ്സ് മുറിയിലെത്തിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുകയായിരുന്നു. ഉടനെ സുരക്ഷാ ജീവനക്കാർ എത്തി രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മെയ് 29നാണ് യുവാവിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അവസാന പരിശോധനയിൽ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാൾ പുറത്തിറങ്ങിയത്. ആശുപത്രിയിൽ നിന്ന് നൽകിയ വസ്ത്രമാണ് ഇയാള്‌‍‍ ധരിച്ചിരുന്നത്. കെഎസ്ആർടിസി ബസിൽ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാർ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു.

രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഇയാൾക്ക് ആശുപത്രി വിടാമായിരുന്നു. മദ്യത്തിന് അടിമയായതിനാൽ മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂർത്തിയാകും മുമ്പ് കടക്കാൻ ശ്രമം നടത്തിയതെന്നാണ് മെഡിക്കൽ കോളേജിൽ നിന്നു ലഭിച്ച പ്രാഥമിക വിവരം. 

LEAVE A REPLY

Please enter your comment!
Please enter your name here