തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവർക്ക് സ്വന്തം ചെലവിൽ കോവിഡ് പരിശോധന നിർബന്ധമാക്കി സംസ്ഥാന സർക്കാർ. കോവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവായവർക്ക് മാത്രമായിരിക്കും യാത്രാനുമതി നൽകുക. ജൂൺ 20 മുതൽ പുതിയ തീരുമാനം നിലവിൽ വരുമെന്നും സർക്കാർ അറിയിച്ചതായി ‘മീഡിയ വൺ’ റിപ്പോർട്ട് ചെയ്തു.
ചാർട്ടേഡ് വിമാനം ബുക്ക് ചെയ്യുന്നവരാണ് യാത്രക്കാർ പരിശോധന നടത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കേണ്ടത്. അതേസമയം, വന്ദേഭാരത് മിഷെൻറ ഭാഗമായുള്ള വിമാനങ്ങളിലെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടില്ല. കേരളത്തിലേക്ക് വരും ദിവസങ്ങളിൽ വലിയതോതിൽ ചാർട്ടേഡ് വിമാനങ്ങളെത്താനിരിക്കെയാണ് സംസ്ഥാന സർക്കാർ തീരുമാനം.