ബെംഗളൂരു: അന്തസ്സംസ്ഥാന യാത്രകൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിൽനിന്നു കർണാടകത്തിലേക്ക് വരുന്നവർക്കായി ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശം പുറത്തിറക്കി. തിരിച്ചുവരുന്നവർ കർണാടകസർക്കാരിന്റെ ‘സേവാസിന്ധു’ പോർട്ടലിൽ നിർബന്ധമായി രജിസ്റ്റർചെയ്യണം. അനുമതിക്കും പാസിനുമായി കാത്തിരിക്കേണ്ട. പേരും മേൽവിലാസവും ഫോൺ നമ്പറും നൽകണം.
ബിസിനസ് ആവശ്യത്തിന് വരുന്നവർ പേര്, മേൽവിലാസം, മൊബൈൽ നമ്പർ, എന്തിന് വരുന്നു എന്നീ കാര്യങ്ങൾ അറിയിക്കണം. മഹാരാഷ്ട്ര ഒഴികെയുള്ള സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. നിരീക്ഷണത്തിലാണെന്നുള്ള അറിയിപ്പ് വീടിനുമുന്നിൽവെക്കണം. ചരക്കുനീക്കത്തിനും കർണാടകംവഴി മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നതിനും നിയന്ത്രണമുണ്ടാവില്ല. മറ്റു സംസ്ഥാനങ്ങളിലേക്ക് കർണാടകംവഴി പോകുന്നവർ ലക്ഷ്യസ്ഥലത്തെ മേൽവിലാസം ചെക്‌പോസ്റ്റിൽ നൽകണം.
also read; സന്ദര്‍ശന വിസയിലെത്തി കാലാവധി കഴിഞ്ഞ എല്ലാവര്‍ക്കും മൂന്നു മാസം കാലാവധി നീട്ടിനല്‍കും
മറ്റ് വ്യവസ്ഥകൾ:
* ചെക്പോസ്റ്റുകളിൽ ആരോഗ്യ പരിശോധന നിർബന്ധം
*വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധനാ സംവിധാനം
*രോഗലക്ഷണങ്ങളില്ലാത്തവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം; ഇതിനായി കൈയിൽ സ്റ്റാമ്പ് പതിപ്പിക്കും.
*രോഗലക്ഷണമുള്ളവർക്ക് ഏഴുദിവസത്തെ സർക്കാർ ക്വാറന്റീൻ, ഏഴുദിവസം വീട്ടിൽ നിരീക്ഷണം. സാംപിൾ പരിശോധന നിർബന്ധം. രോഗം സ്ഥിരീകരിച്ചാൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. നെഗറ്റീവ് ഫലമുള്ളവർക്ക് വീണ്ടും പരിശോധന ആവശ്യമില്ല.
*മഹാരാഷ്ട്രയിൽ നിന്നുവരുന്ന രോഗലക്ഷണമില്ലാത്തവർക്കും ഏഴുദിവസത്തെ സർക്കാർ ക്വാറന്റീൻ. ഏഴ് ദിവസം വീട്ടിൽ നിരീക്ഷണം. രോഗലക്ഷണമുള്ളവർക്ക് സാംപിൾ പരിശോധന നിർബന്ധം. ഗർഭിണികൾ, പത്തുവയസ്സിനുതാഴെയുള്ള കുട്ടികൾ, 60 വയസ്സിൽക്കൂടുതലുള്ളവർ, ഗുരുതരമായ അസുഖമുള്ളവർ എന്നിവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽമതി.
*മഹാരാഷ്ട്രയിൽനിന്നുള്ള ബിസിനസ് യാത്രക്കാർ മടങ്ങിപ്പോകുന്ന ദിവസത്തെ ടിക്കറ്റ് കാണിക്കണം. ഏഴുദിവസത്തിൽ കൂടുതൽ തങ്ങാൻ അനുവദിക്കില്ല. റോഡുമാർഗം വരുന്നവർ ലക്ഷ്യം വ്യക്തമാക്കണം. ബിസിനസ് സന്ദർശകർക്ക് കൈയിൽ മുദ്രപതിപ്പിക്കില്ല.
*മഹാരാഷ്ട്രയിൽനിന്നുവരുന്നവർക്ക് 48 മണിക്കൂർമുമ്പ് നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധന സർട്ടിഫിക്കറ്റുണ്ടെങ്കിൽ സർക്കാർ ക്വാറന്റീനിൽനിന്നൊഴിവാക്കും. വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.
മാളുകളും ഹോട്ടലുകളും എട്ടുമുതൽ
ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച കേന്ദ്രസർക്കാർ ഉത്തരവനുസരിച്ചുള്ള ഇളവുകൾ കർണാടകത്തിലും അനുവദിക്കും. മൂന്നു ഘട്ടമായി ഇളവുകൾ അനുവദിക്കാനാണ് തീരുമാനം. എന്നാൽ, കോവിഡ് കണ്ടെയ്‌ൻമെന്റ് സോണുകളിൽ(തീവ്രാഘാതപ്രദേശം) ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. ജൂൺ 30 വരെയാണ് ലോക്ഡൗൺ നീട്ടിയത്. ജൂൺ എട്ടുമുതൽ കൂടുതൽ ഇളവുകൾ അനുവദിക്കും. ആരാധനാലയങ്ങൾ, ഹോട്ടൽ, റസ്റ്റോറന്റുകൾ ഷോപ്പിങ് മാളുകൾ എന്നിവ പ്രവർത്തിക്കും.
സ്കൂൾ, കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ ജൂൺ 30-നുശേഷം ബന്ധപ്പെട്ടവരുമായുള്ള ചർച്ചകൾക്കുശേഷം തീരുമാനമെടുക്കും. അന്താരാഷ്ട്ര വിമാനസർവീസ്, മെട്രോ, സിനിമാശാലകൾ, പാർക്കുകൾ, മതപരമായ ചടങ്ങുകൾ, ആഘോഷങ്ങൾ എന്നിവയുടെ കാര്യത്തിൽ മൂന്നാം ഘട്ടത്തിൽ തീരുമാനമെടുക്കും. ജൂൺ അവസാനംവരെയുള്ള സ്ഥിതിഗതികൾ അവലോകനംചെയ്തശേഷമായിരിക്കും തീരുമാനം. രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുവരെ കർഫ്യൂ ഏർപ്പെടുത്തും. ഈ സമയത്ത് സഞ്ചാരം അനുവദിക്കില്ല. 65 വയസ്സിനുമുകളിലുള്ളവർ, ഗർഭിണികൾ, പത്തുവയസ്സിനുതാഴെയുള്ള കുട്ടികൾ എന്നിവർ വീടുകളിൽ തുടരണമെന്നും ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്കർ ഇറക്കിയ ഉത്തവരിൽ വ്യക്തമാക്കി.