മുംബൈ: ഇന്ത്യയില്‍ കൊവിഡ് വ്യാപനം ഏറ്റവും ശക്തമായ നഗരങ്ങളിലൊന്നായ മുംബൈയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളുടെ ലുങ്കി ഡാന്‍സോ?… സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ട് ആളുകള്‍ ചോദിക്കുകയാണ്. സംഭവം യാഥാര്‍ഥ്യമെങ്കില്‍ കൊവിഡ് പ്രതിരോധത്തില്‍ അത് വലിയ വീഴ്‌ചയാണല്ലോ…എന്താണ് വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത.
പ്രചാരണം ഇങ്ങനെ
ക്വാറന്‍റീന്‍ കേന്ദ്രത്തിലെ ലുങ്കി ഡാന്‍സ് എന്ന പേരില്‍ 29 സെക്കന്‍റ് വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുംബൈയിലുള്ള നാഷണല്‍ സ്‌പോര്‍ട്സ് ക്ലബ് ഓഫ് ഇന്ത്യയുടെ(NSCI) ബാഡ്‌മിന്‍റണ്‍ കോര്‍ട്ടിലാണ് സംഭവം എന്നാണ് ഒരു ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നത്. എന്‍എസ്‌സിഐയുടെ ഒരുഭാഗം ക്വാറന്‍റീന്‍ സൗകര്യത്തിനായി ഉപയോഗിച്ചുവരുന്നുണ്ട്. അതേസമയം, ചെന്നൈയില്‍ നിന്നും ബാംഗാളില്‍ നിന്നുമുള്ളതാണ് വീഡിയോ എന്ന വാദവും സാമൂഹ്യമാധ്യമങ്ങളിലുണ്ട്.
വസ്‌തുത എന്ത്
മുംബൈയിലെയോ ചെന്നൈയിലെയോ ബംഗാളിലെയോ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ നിന്നുള്ളതല്ല ഈ വീഡിയോ എന്നതാണ് യാഥാര്‍ഥ്യം. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നുള്ള ദൃശ്യമാണ് വൈറലായിരിക്കുന്നത് എന്ന് തെളിഞ്ഞു.
വസ്‌തുതാ പരിശോധനാ രീതി
വൈറല്‍ വീഡിയോയെ കുറിച്ച് നിരവധി ന്യൂസ് വെബ്‌സൈറ്റുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അഗര്‍ത്തലയില്‍ നിന്നുള്ളതാണ് വീഡിയോ എന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി ട്വീറ്റ് ചെയ്‌ത വീഡിയോയുടെ തലക്കെട്ടില്‍ പറയുന്നു. അതേസമയം, അഗര്‍ത്തലയിലെ ക്വാറന്‍റീന്‍ കേന്ദ്രത്തിലെ നിയമലംഘനത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനവുമുണ്ട്.
നിഗമനം
ക്വാറന്‍റീന്‍ കേന്ദ്രത്തിലെ ലുങ്കി ഡാന്‍സ് എന്ന പേരില്‍ വൈറലായിരിക്കുന്ന ദൃശ്യം അഗര്‍ത്തലയില്‍ നിന്നുള്ളതാണ് എന്ന് തെളിഞ്ഞിരിക്കുന്നു. വീഡിയോയ്‌ക്ക് മുംബൈയോ ചെന്നൈയോ ആയി യാതൊരു ബന്ധവുമില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.