ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. സൌദി, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവാസികള്‍ക്ക് മടങ്ങാനുള്ള സമയം നാളെ അര്‍ധരാത്രി അവസാനിക്കും.
ഈ മാസം 20 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മാത്രമേ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാവൂ എന്നായിരുന്നു സംസ്ഥാനത്തിന്റെ നിബന്ധന. പ്രായോഗിക പ്രശ്നങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ സംസ്ഥാനം തീരുമാനം നടപ്പാക്കുന്നത് ഈ മാസം 24 അര്‍ധരാത്രി വരെ നീട്ടി. എംബസി വഴി ടെസ്റ്റിനുള്ള സാധ്യത ആരാഞ്ഞ സാഹചര്യത്തിലാണിത്. യുഎഇയില്‍ നിന്നും നിലവിലുള്ള റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കും. ഖത്തറിലുള്ളവര്‍ക്ക് ഇസ്തിറാഹ് ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആണെങ്കില്‍ നാടണയാം. കുവൈത്തില്‍ വിമാനത്താവളത്തിലെ ആന്റിബോഡി ടെസ്റ്റ് പരിശോധന ഉപയോഗപ്പെടുത്താനാണ് നീക്കം.
ബഹ്റൈനും സൌദിയും ഒമാനും ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്നില്ല. നാളെ അര്‍ധരാത്രി വരെയാണ് സംസ്ഥാനത്തേക്ക് പ്രവാസികള്‍ക്ക് ടെസ്റ്റില്ലാതെ മടങ്ങാനുള്ള സമയം. ഗള്‍ഫ് രാജ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും വരെ സംസ്ഥാനം തീരുമാനം നീട്ടേണ്ടി വരും. അല്ലെങ്കില്‍ ബദല്‍ മാര്‍ഗം തേടേണ്ടി വരും.