കോട്ടയത്ത് വീട്ടമ്മ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം; കൊലപാതകം കവർച്ചാശ്രമത്തിനിടെയെന്ന് പ്രാഥമിക സൂചന, മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം

0
154

കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം. കൊലപാതകം കവർച്ചാശ്രമത്തിനിടെയെന്ന് പ്രാഥമിക സൂചന. കൊല്ലപ്പെട്ട ഷീബയും മുഹമ്മദ് സാലിക്കും ഒറ്റയ്ക്കാണ് താമസമെന്ന് അറിയാവുന്നവരാകും അക്രമികൾ എന്നാണ് പ്രാഥമിക നിഗമനം. വീട്ടിലേക്ക് കയറുന്ന വാതിലിനോടു ചേർന്നു തന്നെയാണ് ഷീബയുടെ മൃതദേഹം കണ്ടത്. വാതിൽ തുറന്നയുടൻ അക്രമി സംഘം ഇവരെ കീഴ്പ്പെടുത്തിയിരിക്കാമെന്നു പൊലീസ് പറയുന്നു.

പ്രതികളുടെ ലക്ഷ്യം കവര്‍ച്ച തന്നെയായിരുന്നെന്നാണ് ബന്ധുക്കളുടെയും നിഗമനം. ഷീബയ്ക്കോ സാലിക്കോ ആരുമായി വൈരാഗ്യമുണ്ടായിരുന്നില്ലെന്നതും സാമ്പത്തിക ഭദ്രതയും ഇതിന് കാരണമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഷീബയുടെ സ്വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ടതായും കുടുംബം പറഞ്ഞു. സമീപത്തെ വീടുകളില്‍ പ്രായമുള്ളവരാണ് താമസിക്കുന്നതെന്നും ശബ്ദങ്ങള്‍ പുറത്ത് കേള്‍ക്കാതിരുന്നത് ഇതിനാലായിരിക്കാമെന്നും ഇവര്‍ പറയുന്നു.  വീട്ടിൽ നിന്ന് എന്തൊക്കെ മോഷണം പോയെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. രാത്രിയായതിനാൽ പൊലീസ് വീട് സീൽ ചെയ്തു. ബന്ധുക്കൾ വന്ന് കണക്കെടുപ്പു നടത്തിയാലേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ. ചൊവ്വാഴ്ച സയന്റിഫിക് അധികൃതർ, ഫൊറൻസിക് സംഘം, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തും.

രണ്ട് നിലയുള്ള ഷാനി മൻസിലില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. അയല്‍ക്കാരൻ ഷാനി മൻസിലിലേക്ക് വന്നപ്പോള്‍ തന്നെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസിലാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്‍സിനെ വിവരമറിയിക്കുകയായിരുന്നു.

കോട്ടയം ഫയര്‍ഫോഴ്സ് എത്തി വീടിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുറന്നിട്ട ജനാലയ്ക്കുള്ളിലൂടെ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് വീടിനുള്ളില്‍ രക്തം തളം കെട്ടിയത് കണ്ടത്. പുറത്ത് നിന്ന് പൂട്ടിയ വാതില്‍ ഫയര്‍ഫോഴ്സ് വെട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സാലിയും ഷീബയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഷീബ മരിച്ചിരുന്നു. രണ്ട് പേര്‍ക്കും തലയ്ക്കാണ് അടിയേറ്റത്. ഷീബയെ ഷോക്കടിപ്പിക്കാനും ശ്രമം നടന്നു. കമ്പി ഇവരുടെ കാലില്‍ ചുറ്റിയിരുന്നു.

ഒരു ഗ്യാസ് സിലിണ്ടര്‍ സ്വീകരണമുറിയിലെത്തിച്ച് തുറന്ന് വിട്ടിരുന്നു. അലമാര വാരിവലിച്ചിട്ട നിലയിലായിരുന്നു. ഫാനിന്‍റെ ലീഫ് ഇളകിയാടിയ നിലയിലും സെറ്റിയും ടീപ്പോയും അടിച്ച് പൊട്ടിച്ച നിലയിലുമായിരുന്നു.  ഇക്കാരണത്താലാണ് മോഷണ സാധ്യത പൊലീസ് സംശയിക്കുന്നത്. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.

അതേസമയം മോഷണം പോയ കാർ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ചെക്പോസ്റ്റുകളിലും അതിർത്തികളിലും പരിശോധന ശക്തമാക്കി. ഇവരുടെ വീടുമായി ബന്ധപ്പെട്ടവരെയും അന്വേഷിക്കുന്നുണ്ട്. തെളിവു നശിപ്പിക്കാനാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് കരുതുന്നു. അക്രമികളെ കുറിച്ച് നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന മുഹമ്മദ് സാലിക്കിന്റെ ആരോഗ്യ നില വെല്ലുവിളിയാണ്.‌

തിങ്കളാഴ്ച വൈകിട്ടോടെ സാലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാലിക്കിന്റെ സംസാരശേഷി തിരിച്ചു കിട്ടുന്നത് കേസിൽ നിർണായകമാകും. രാത്രി റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തി. നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിൽ ടീ സ്റ്റാൾ നടത്തിയിരുന്ന സാലിക്ക്, തലയിലേക്കുള്ള ഞരമ്പിന്റെ തകരാറിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്നു. ഞരമ്പിന്റെ പ്രശ്നങ്ങളെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതോടെ ഒരു കണ്ണിന് പൂർണമായും മറ്റൊരു കണ്ണ് ഭാഗികമായും കാഴ്ച നഷ്ടപ്പെട്ടതിനാൽ സാലിക്ക് പുറത്തിറങ്ങാതായി.

കടയുടെ ഉത്തരവാദിത്തം ഷീബ ഏറ്റെടുത്തു. ജീവനക്കാരെ നിർത്തിയാണ് കട നടത്തിയിരുന്നത്. ലോക്ഡൗണിനെ തുടർന്ന് കടകൾ അടച്ചതോടെ ഇരുവരും വീട്ടിൽ തന്നെയായിരുന്നു. നാഗമ്പടം പള്ളിപ്പുറത്തു കാവിനു സമീപമാണ് ഇവരുടെ തറവാട്. വർഷങ്ങളായി ഇവർ താഴത്തങ്ങാടിയിൽ താമസമായിട്ട്. മകൾ മക്സകത്തിലുള്ള ഷാനി സുധീർ എത്തുമെന്നാണ് അറിയുന്നത്. നാട്ടിലേക്ക് എത്തുന്നതിനുള്ള നടപടികൾ ഇവർ ആരംഭിച്ചെന്നു സാലിക്കിന്റെ സഹോദരങ്ങളായ ഇക്ബാൽ, സലാം എന്നിവർ അറിയിച്ചു. ലോക്ഡൗൺ ആയതിനാൽ ഇവർക്ക് പെട്ടെന്ന് എത്താൻ സാധിക്കുമോയെന്ന സംശയമുണ്ട്.

ഉടനെ വന്നാൽ തന്നെ ക്വാറന്റീനിൽ കഴിയെണമെന്നതും സാങ്കേതികമായ പ്രശ്നമാണെന്ന് ബന്ധുക്കൾ പറയുന്നു. കാസർകോട് സ്വദേശിയാണ് ഷാനിയുടെ ഭർത്താവ് സുധീർ. ബന്ധുക്കൾ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. 2007ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2014 മുതൽ ഷാനി ഭർത്താവിനൊപ്പം മസ്കത്തിൽ ആണ്. ഷാനിയെ മസ്കത്തിൽ നിന്ന് കൊണ്ടു വരാൻ എംബസിയിൽ ബന്ധപ്പെട്ടതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here