ബെംഗളൂരു: കൊവിഡ് രോഗിയും പൊലീസ് കേസില്‍ പ്രതിയുമായ യുവാവ് സെക്യൂരിറ്റിയുടെ ശരീരത്തില്‍ തുപ്പിയതിന് ശേഷം ആശുപത്രിയില്‍ നിന്നും ഓടിരക്ഷപ്പെട്ടു. ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലാണ് സംഭവമുണ്ടായത്.
ചൊവ്വാഴ്ചയാണ് യുവാവ് ആശുപത്രിയില്‍ അഡ്മിറ്റായത്. ബുധനാഴ്ച സെക്യൂരിറ്റിയുടെ ശരീരത്തില്‍ തുപ്പിയതിന് ശേഷം അദ്ദേഹം ഓടിരക്ഷപെടുകയായിരുന്നുവെന്ന് വിക്ടോറിയ ആശുപത്രിയിലെ ഡോക്ടറും കൊവിഡ് 19 നോഡല്‍ ഓഫീസറുമായ ആസിമ ബാനു പറഞ്ഞു.
ഒരു ആക്രമണവുമായി ബന്ധപ്പെട്ട് ഇയാളുടെ പേരില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നുണ്ടെന്നും ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് രോഹിണി സെപാത് കട്ടോച്ച് പറഞ്ഞു.
ക്വാറന്റൈനിലും ഐസലോഷനിലും കഴിയുന്ന ആളുകളെ ആശുപത്രികളില്‍ നിന്നും കാണാതാവുന്നതിന്റെ വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്. എന്നാല്‍ കൊവിഡ് ചികിത്സയിലിരിക്കുന്ന രോഗി ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുന്നത് ബെംഗളൂരുവില്‍ ഇതാദ്യത്തെ സംഭവമാണ്.
നേരത്തേ ബെംഗളൂരുവില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് റോഡ്‌ഷോ നടത്തിയ ജെ.ഡി.എസ് നേതാവ് ഇമ്രാന്‍ പാഷ അറസ്റ്റിലായിരുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായ ഇമ്രാന്‍ പാഷ രോഗമുക്തി നേടി ഡിസ്ചാര്‍ജ് ആയതോടെ ഇദ്ദേഹത്തെ സ്വീകരിക്കാന്‍ നിരവധി ആളുകള്‍ തടിച്ചുകൂടുകയും റോഡ്‌ഷോ നടത്തുകയും ചെയ്തിരുന്നു.
സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക്ക് ധരിക്കാതെയും അണികള്‍ക്കൊപ്പം റോഡ്‌ഷോ നടത്തിയ ഇമ്രാനെ ജുണ്‍ ഏഴിന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.