ന്യൂദല്‍ഹി: കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇന്ത്യയില്‍ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വി.ജി സൊമാനി. അമേരിക്കന്‍ കമ്പനി നിര്‍മിക്കുന്ന remdesivir ആണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ആരോഗ്യമന്ത്രാലയ ജനറല്‍ സെക്രട്ടറി ലാവ് അഗര്‍വാള്‍ ആണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മരുന്നുപയോഗത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ഇദ്ദേഹം അറിയിച്ചു.
കാലിഫോര്‍ണിയയിലെ gilead ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഈ മരുന്ന് നിര്‍മിക്കുന്നത്.
remdesivir നേരത്തെ എബോളയ്‌ക്കെതിരെയുള്ള മരുന്ന് പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നു. എന്നാല്‍ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മരുന്ന് ഫലപ്രദമായിരുന്നില്ല.
remdesivir -ന്റെ കൊവിഡ് രോഗത്തിനെതിരെയുള്ള ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 31 ശതമാനം കുറഞ്ഞെന്ന് യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് വ്യക്തമാക്കിയിരുന്നു. മെയ് അവസാനത്തില്‍ നടന്ന മൂന്നാം ഘട്ട മരുന്ന് പരീക്ഷണത്തില്‍ മുന്നേറ്റമുണ്ടെന്നും gilead തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
മെയ് ഒന്നിനാണ് റെംഡിസിവിറിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനസ്ട്രേഷന്‍ അനുമതി നല്‍കിയത്.