കുഞ്ഞാലിയെ കൊന്നത് ഗോപാലന്‍; 50 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി ആര്യാടന്‍

0
306

മലപ്പുറം: സി.പി.ഐ.എം എം.എല്‍.എയായിരുന്ന കുഞ്ഞാലിയെ വെടിവെച്ചുകൊന്നത് കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ഗോപാലനാണെന്ന് ആര്യാടന്‍ മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ചുള്ളിയോട് അന്ന് രാവിലെമുതല്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു. ഞാന്‍ വൈകുന്നേരത്തോടെ ഓഫീസിലെത്തി പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ പുറത്ത് ഞങ്ങളുടെയും പ്രവര്‍ത്തകര്‍ സംഘടിച്ചുതുടങ്ങി. ഇതില്‍ ഒരുസംഘം ഓഫീസിനുതാഴെ ഹോട്ടലിലെ കോണിപ്പടിക്കരികിലായി നില്‍പ്പുണ്ടായിരുന്നു. കുഞ്ഞാലിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഞങ്ങളുടെ ഓഫീസിലേക്ക് ഇരച്ചുകയറാന്‍ കോണിപ്പടിയില്‍ എത്തിയപ്പോള്‍ അവിടെയുണ്ടായ സംഘത്തിലെ ഒരാളാണ് വെടിവെച്ചത്. തോക്കുമായി ഇങ്ങനെയൊരു സംഘം അവിടെയുള്ളതായി അപ്പോള്‍ ഞാന്‍ അറിയുന്നില്ല. ചുള്ളിയോട്ടെ പത്തായത്തിങ്കല്‍ ഗോപാലന്‍ എന്നയാളാണ് വെടിവെച്ചതെന്ന് ഏറെ കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്.’

കുഞ്ഞാലി വധക്കേസില്‍ ആര്യാടനായിരുന്നു ഒന്നാം പ്രതി. പിന്നീട് കോടതി ആര്യാടനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു. ആര്യാടനാണ് തന്നെ വെടിവെച്ചതെന്ന് കുഞ്ഞാലി പൊലീസിന് മൊഴി നല്‍കിയിരുന്നു.

എന്നാല്‍ പിന്നീട് താനാണ് വെടിവെച്ചതെന്ന് ഗോപാലന്‍ തന്നോട് പറഞ്ഞിരുന്നതായും ആര്യാടന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.  കുഞ്ഞാലി വധത്തിന് ശേഷം ഗോപാലന്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗോപാലന്‍ അന്ന് ഞങ്ങളുടെ പ്രവര്‍ത്തകനായിരുന്നില്ല. അനുഭാവി മാത്രമായിരുന്നു. എസ്റ്റേറ്റിലെ ട്രാക്ടര്‍ ഡ്രൈവറായ ഗോപാലനും കുഞ്ഞാലിയും തമ്മില്‍ ഒരിക്കല്‍ റോഡില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു. ട്രാക്ടര്‍ ഓടിച്ചുപോവുമ്പോള്‍ കുഞ്ഞാലിയുടെ ജീപ്പില്‍ തട്ടിയെന്നതിന്റെ പേരില്‍ ജീപ്പില്‍നിന്നിറങ്ങിയ കുഞ്ഞാലി ഗോപാലനെ അടിച്ചുവീഴ്ത്തി. ഇത് നാട്ടുകാരെല്ലാം കണ്ട സംഭവമാണ്. ഈ വിരോധം ഗോപാലന്റെ മനസ്സിലുണ്ട്. വെടിവെച്ച ഉടനെ ഗോപാലനും സംഘവും കെട്ടിടത്തിനുപിറകിലെ വയലിലൂടെ ഓടിരക്ഷപ്പെട്ടു. ഇതാണ് സത്യത്തില്‍ സംഭവിച്ചത്.’, ആര്യാടന്‍ പറഞ്ഞു.

ഏറനാട്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അനിഷേധ്യമായ പങ്കുവഹിച്ച നേതാവായിരുന്നു കുഞ്ഞാലി.

തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഭൂവുടമകള്‍ക്ക് നേരെ നിലപാടെടുത്തതോടെ ജനപ്രീതി നേടി. 1965ലും 1967ലും നിലമ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു.

65 ല്‍ നിയമസഭ രൂപീകരിക്കാത്തതിനാല്‍ എം.എല്‍.എ ആയില്ല. രണ്ട് തെരഞ്ഞെടുപ്പിലും ആര്യാടന്‍ മുഹമ്മദിനെയായിരുന്നു കുഞ്ഞാലി തോല്‍പ്പിച്ചിരുന്നത്. 1969 ജൂലൈ 26ന് അര്‍ധരാത്രിയാണ് ചുള്ളിയോട്ട് വെച്ച് കുഞ്ഞാലി കൊല്ലപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here