കാസർകോട് ജില്ലയിൽ 3 പേർക്ക് രോഗം വന്ന വഴിയറിയാത്തത് ആശങ്കയുണർത്തുന്നു

0
204

കാസർകോട്: (www.mediavisionnews.in) സമ്പർക്കത്തിലൂടെ 81 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ജില്ലയിൽ 3 പേർക്ക് എവിടെ നിന്നു രോഗം പകർന്നുവെന്നതിൽ ഇനിയും വ്യക്തതയില്ല. സമൂഹ വ്യാപനം ജില്ലയിൽ നടന്നില്ലെന്ന് ആരോഗ്യ വകുപ്പ് ആവർത്തിക്കുമ്പോഴും മൂന്നു പേർക്ക് രോഗം പകർന്നതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആദ്യ രണ്ടു ഘട്ടങ്ങളിൽ 70 പേർക്കായിരുന്നു സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടത്. മൂന്നാം ഘട്ടത്തിൽ 11 രോഗികളാണുള്ളത്.

മാവുങ്കാൽ സ്വദേശിയായ യുവാവാണ് ഇതിൽ ആദ്യത്തേത്. ഇയാൾക്ക് എവിടെ നിന്നു രോഗം പകർന്നുവെന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പിനായില്ല.  ചക്ക തലയിൽ വീണു സാരമായി പരുക്കേറ്റ് പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന എണ്ണപ്പാറ സ്വദേശിയാണ് സമ്പർക്കത്തിലൂടെ രോഗിയായ മറ്റൊരാൾ. ഓട്ടോ ഡ്രൈവറായ ഇയാളുടെ   രോഗം പകർന്ന ഉറവിടവും കണ്ടെത്തിയില്ല.

കോവിഡ് സ്ഥിരീകരിച്ച കരിന്തളം സ്വദേശിക്കും രോഗം എവിടെ നിന്നു പകർന്നുവെന്ന് കണ്ടെത്താനായിട്ടില്ല. ഭാര്യയുടെ പ്രസവ ചികിത്സയ്ക്ക് പരിയാരം മെഡിക്കൽ കോളജിൽ 3 ദിവസം  കൂടെ ഉണ്ടായിരുന്നു.  പനിയും തൊണ്ട വേദനയും കണ്ടതിനെ തുടർന്നു ഇവിടെ നിന്നാണ് ഇയാളുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചത്. മൂന്നാം ഘട്ടത്തിലെ 11 ൽ 3 പേർ കാസർകോട് ജനറൽ, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരാണ്.

സ്രവ പരിശോധന ലാബിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ജനറൽ ആശുപത്രിയിലെ രോഗബാധിതർ.  സ്രവം പരിശോധനക്കെത്തിയവരിൽ നിന്നാണ്  ഇവർക്ക് രോഗം പിടിപ്പെട്ടതെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്.  ജില്ലാ ആശുപത്രിയിലെ ജീവനക്കാരി ജോലി ചെയ്യുന്ന ലാബിൽ കോവിഡ് പോസിറ്റീവായ പൊതുപ്രവർത്തകൻ എത്തിയിരുന്നു. 

ഇയാളിൽ നിന്നായിരിക്കാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ കരുതുന്നത്. പൈവളികെയിലെ ജനപ്രതിനിധിയടക്കം ഒരു കുടുംബത്തിലെ 4 പേർക്കും ആംബുലൻസിൽ മഞ്ചേരിയിൽ നിന്നു കാസർകോട് എത്തിയ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം പടർന്നത്. എന്നാൽ ഇവരിൽ നിന്നു മറ്റുള്ളവർക്ക് രോഗം പകർന്നതായി ഇതുവരെയായി കണ്ടെത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here