കാസർകോട്ടുകാർക്ക് പ്രതിദിന യാത്രയ്ക്ക് പാസ് നിഷേധിച്ച് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം

0
414

കാസർകോട്: (www.mediavisionnews.in) മംഗളൂരു-കാസർകോട് ഭാഗങ്ങളിലേക്കുള്ള പ്രതിദിന യാത്രക്കാർക്കു പാസ് അനുവദിക്കാമെന്ന ധാരണ തെറ്റിച്ച്  ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. കാസർകോട് ജില്ലാ ഭരണകൂടം 1260 പേർക്ക് ഇതിനകം പാസുകൾ നൽകിയെങ്കിലും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം 4 ദിവസത്തിനുള്ളിൽ പാസ് നൽകിയത് 150 പേർക്ക് മാത്രം.  

കഴിഞ്ഞ 3നാണ് മംഗളൂരു-കാസർകോട് ഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാർക്ക് പാസ് അനുവദിക്കാൻ അതിർത്തി പ്രദേശങ്ങളിലെ ജില്ലാ ഭരണകൂടങ്ങൾ തീരുമാനിച്ചത്.മംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുമായി സ്ഥിരം ജോലിക്കും പഠനത്തിനുമായി ജില്ലയിൽ നിന്ന് അയ്യായിരത്തോളം പേരാണു പോകുന്നത്. ആയിരക്കണക്കിനാളുകൾ പാസിനായി അപേക്ഷിച്ച് 3 ദിവസത്തിലേറെയായിട്ടും ഇതുവരെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം പലർക്കും പാസ് അനുവദിച്ചിട്ടില്ല.

കഴിഞ്ഞ മാർച്ച് 21ന് കർണാടക സർക്കാർ അതിർത്തി അടച്ചിട്ടതോടെയാണ് മംഗളൂരുവിലേക്കുള്ള സ്ഥിരം യാത്രക്കാരുടെ പോക്കുവരവുകൾ നിലച്ചത്. ഇതോടെ മംഗളൂരുവിൽ ജോലി ചെയ്യുന്ന നൂറുകണക്കിനാളുകൾ പ്രയാസത്തിലാണ്. ജോലിക്കു നിർബന്ധമായി വരണമെന്ന് സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നുവെങ്കിലും പോകാൻ പറ്റാത്ത സ്ഥിതിയാണ്.ഇന്നലെ കാസർകോട് നിന്നു പോയ 40 പേരെ തലപ്പാടിയിലെ അതിർത്തിയിൽ കർണാടക പൊലീസ് തടഞ്ഞു. 3 ദിവസമായി അപേക്ഷിച്ചിട്ടും കിട്ടാത്തതാണെന്നും കേരളത്തിന്റെ പാസ് ഉണ്ടെന്നും പറഞ്ഞപ്പോൾ ദക്ഷിണകന്നഡ ജില്ലാ ഭരണകൂടത്തിന്റെ പാസില്ലാതെ പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് തിരിച്ച് അയയ്ക്കുകയായിരുന്നു. കൂടുതൽ സമയം തർക്കിച്ചാൽ ക്വാറന്റീനിലാക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി കാസർകോട് സ്വദേശികൾ പറഞ്ഞു.

മനഃപൂർവം അനുവദിക്കാത്തതെന്ന് ആരോപണം

വെബ്‌സൈറ്റിന്റെ സാങ്കേതിക തകരാറാണ് ആദ്യ ദിവസം പാസ് അനുവദിക്കാത്തതിനു കാരണമായി പറഞ്ഞത്. അതേ സമയം, അപേക്ഷകർ മംഗളൂരുവിൽ ജോലി ചെയ്യുന്നതിന്റെ മതിയായ രേഖകൾ നൽകാത്തതാണ് നിലവിൽ കാരണമായി പറയുന്നത്.   എന്നാൽ അപേക്ഷിച്ചവരിൽ ബഹുഭൂരിഭാഗവും രേഖകൾ ഹാജരാക്കിയില്ലെന്ന വാദം സംശയാസ്പദമാണെന്ന് അപേക്ഷകർ പറയുന്നു. മംഗളൂരുവിലെ വിവിധ ആശുപത്രികളിലും ബാങ്കുകളിലും സംസ്ഥാന-കേന്ദ്രസർക്കാർ ഓഫിസുകളിലും ജോലി ചെയ്യുന്നവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് സഹിതമാണ് അപേക്ഷിച്ചത്. ഇവർക്കടക്കം പാസ് അനുവദിച്ചിട്ടില്ല. ഇത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്. 

എത്തിച്ചേരുന്ന സംസ്ഥാനത്തിന്റെ പാസ് മാത്രം മതി

 കേരള-കർണാടക അതിർത്തി കടന്ന് പ്രതിദിന യാത്ര ചെയ്യുന്നവർക്ക് അവർ എത്തിച്ചേരുന്ന സംസ്ഥാനത്തു നിന്നുള്ള പാസ് മാത്രം മതിയെന്ന് ദക്ഷിണ കന്നഡ അസിസ്റ്റന്റ് കമ്മിഷണർ മദൻ മോഹൻ വ്യക്തമാക്കി. കേരളത്തിൽ താമസിക്കുന്നവർ മംഗളൂരുവിൽ അടക്കം വന്നു പോകാൻ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിൽ നിന്നാണു പാസ് എടുക്കേണ്ടത്. ദക്ഷിണ കന്നഡയിൽ താമസിച്ച് കാസർകോട് പോയി വരുന്നവർ കാസർകോട് ജില്ലാ ഭരണകൂടത്തിൽ നിന്നു പാസ് എടുക്കണം. ഇതു സംബന്ധിച്ചു ചെക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുള്ളവർക്കു നിർദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

LEAVE A REPLY

Please enter your comment!
Please enter your name here