മഞ്ചേശ്വരം: യുവാവിനെ കാറിലെത്തിയ ഗുണ്ടാസംഘം വീട്ടില്‍ കയറി വീട്ടുകാരുടെ മുന്നില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാവൂര്‍ സി.എം നഗറിലെ ഹുസൈനി (38)നാണ് വെട്ടേറ്റത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഹുസൈന്‍ കുടുംബത്തോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെയാണ് കാറിലെത്തിയ നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ചുകയറിയത്. വാളുകൊണ്ട് ഹുസൈനിനെ വെട്ടുകയായിരുന്നു. അക്രമിസംഘത്തെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു ഹുസൈന്‍. ഇത്തരം ഗുണ്ടാസംഘങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയാതെ പൊലീസ് പകച്ചുനില്‍ക്കുകയാണ്. ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാത്തതില്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്ന് അക്രമകേസുകളാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായിരുന്നത്.