കാസർകോട്: (www.mediavisionnews.in) കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കർശനമായി തുടരാനും പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും കലക്ടർ ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദേശങ്ങൾക്ക് അനുസൃതമായി മാത്രം സ്ഥാപനങ്ങളിൽ എസി ഉപയോഗിക്കാം. പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല.
അതിർത്തി കടന്ന് വന്നാൽ നടപടി
കർണ്ണാടകയിൽ നിന്ന് പാസില്ലാതെ ആളുകൾ അതിർത്തികടന്ന് ജില്ലയിലേക്ക് വരുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇത് തടയാൻ അതിർത്തികളിൽ പൊലീസ് നിരീക്ഷണം കർശനമാക്കും. കർണ്ണാടകയിലെ ആശുപത്രികളിൽ ചികിത്സയ്ക്ക് പോയ ശേഷം മടങ്ങി വരാൻ പാസ് അനുവദിക്കുന്നില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത് വാസ്തവ വിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചു.
കർണ്ണാടകയിലെ ആശുപത്രികളിലേക്ക് ചികിത്സ പോകാനുള്ള അനുമതി സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് നൽകുന്നത്. മഞ്ചേശ്വരം സർക്കാർ ആശുപത്രിയിൽ നിന്ന് മെഡിക്കൽ ഓഫിസറുടെ സർട്ടിഫിക്കറ്റോടെ ആംബുലൻസിലാണ് പോകാൻ അനുമതിയുള്ളത്. മറ്റു രീതിയിൽ പോകാൻ അനുവാദമില്ല.
ഡ്രൈവിങ് സ്കൂളുകൾ
ഉപാധികളോടെ ഡ്രൈവിങ് സ്‌കൂളുകൾക്ക് പ്രവർത്തിക്കാം. ഒരേ സമയം ഒന്നിലധികം പരിശീലനാർഥികൾ വാഹനത്തിൽ ഉണ്ടാകാൻ പാടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം തിയറി ക്ലാസുകൾ നടത്താൻ.
അതിഥിത്തൊഴിലാളികൾ സ്‌പോൺസറുടെ ഉത്തരവാദിത്വം
ലോക്ഡൗൺ പഞ്ചാത്തലത്തിൽ സ്വദേശത്തേക്ക് മടങ്ങിയ തൊഴിലാളികൾക്ക് സ്‌പോൺസർമാരുടെ ഉത്തരവാദിത്വത്തിൽ തിരികെയെത്തി ജോലിയിൽ പ്രവേശിക്കാം. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം തയാറാക്കിയ നിർദേശങ്ങൾ സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കും. കുറഞ്ഞത് 5 പേരെങ്കിലും അടങ്ങുന്ന സംഘങ്ങളായി വേണം സ്‌പോൺസർമാർ ഇവരെ തിരികെ കൊണ്ടുവരാൻ. ഇങ്ങനെ മടങ്ങിയെത്തുന്ന അതിഥി ത്തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലങ്ങൾ ക്വാറന്റീൻ പ്രദേശമായി കണക്കാക്കും. മടങ്ങിയെത്തിയതിനു ശേഷം ആരോഗ്യ പരിശോധന നടത്തും.
മടക്കി കൊണ്ട് വരുന്ന അതിഥിത്തൊഴിലാളികൾക്കായി ഒരുക്കിയ സൗകര്യങ്ങൾ സംബന്ധിച്ച വിവരം ലേബർ ഓഫിസർ പരിശോധിക്കും.അതിഥിത്തൊഴിലാളികൾ മടങ്ങിയെത്തിയതിനു ശേഷം പിഎച്ച്സി, പഞ്ചായത്ത്, പൊലീസ് സംവിധാനങ്ങളെ സ്‌പോൺസർമാർ അറിയിക്കണം. സ്ഥിര വിലാസം ഉള്ള സ്‌പോൺസർമാർക്ക് മാത്രമേ അനുമതി ലഭിക്കു. കാലിക്കടവ്, തലപ്പാടി ചെക്ക് പോസ്റ്റുകളിൽ ആയുഷ് ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിക്കും.
യോഗം നാളെ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ നാളെ 11 ന് ജില്ലയിലെ എംപി, എംഎൽഎ മാർ, നഗരസഭാധ്യക്ഷന്മാർ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് , സെക്രട്ടറി എന്നിവരുടെ യോഗം ചേരും