ഐസിഎംആറിന്റെ സമൂഹവ്യാപന പരിശോധന: കേരളത്തിൽ 4 പേർ പോസിറ്റീവ്

0
210

തിരുവനന്തപുരം: (www.mediavisionnews.in) സമൂഹവ്യാപനമുണ്ടോയെന്നറിയാന്‍ ഐസിഎംആര്‍ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) കേരളത്തില്‍ 1200 പേരിൽ നടത്തിയ സിറോ സര്‍വേയില്‍  നാലുപേര്‍ പോസിററീവ്. രോഗബാധ കണ്ടെത്തിയ പഞ്ചായത്തുകളുടെ വിശദാംശങ്ങള്‍ ഐസിഎംആറിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ പഞ്ചായത്തുകളില്‍ കൂടുതല്‍ പേരില്‍ ആന്റിബോഡി പരിശോധന നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി ഡോക്ടർ രാജന്‍ എന്‍ ഖോബ്രഗഡെ പറഞ്ഞു. 

ഐസിഎംആറിന്റെ രാജ്യവ്യാപക സര്‍വേയുടെ ഭാഗമായുളള പരിശോധന നടന്നത് തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലെ 400 പേരിൽ വീതമാണ്. തൃശൂരില്‍ മൂന്നുപേരും എറണാകുളത്ത് ഒരാളുമാണ് പോസിറ്റീവ്. പാലക്കാട് ആര്‍ക്കും രോഗബാധ കണ്ടെത്തിയില്ല. രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്തവരിലാണ് പരിശോധന നടത്തിയത്. 

വൈറസ് ബാധിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ശരീരം ഉല്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യമാണ് പരിശോധിച്ചത്. പോസിറ്റീവ് എന്നു കണ്ടെത്തിയവര്‍ക്ക് മുമ്പ് രോഗം ബാധിച്ച് സുഖപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ഓരോ ജില്ലകളിലും പത്തുപ്രദേശങ്ങളില്‍ 40 പേരില്‍ വീതമായിരുന്നു പരിശോധന.

ആദ്യഘട്ടത്തിലെ രോഗബാധിതരുമായി ഇവര്‍ക്ക് ബന്ധമുണ്ടാകാമെന്നും ആശങ്കപ്പെടേണ്ടെതില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. സംസ്ഥാനം നടത്തിയ ആന്റിബോഡി പരിശോധന ഫലം പുറത്തുവിട്ടിട്ടില്ലെങ്കിലും അപകടരമായൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. എന്നാല്‍ ഉറവിടമറിയാത്ത രോഗബാധ കൂടിവരുമ്പോള്‍ 1200 ല്‍ നാല് പേര്‍ക്ക് പോസിറ്റീവായതും അതീവ ഗൗരവത്തോടെ കാണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. രാജ്യത്ത് 69 ജില്ലകളിലായി 24000 പേരിലാണ് പരിശോധന നടത്തിയത്.   

LEAVE A REPLY

Please enter your comment!
Please enter your name here